അന്താക്ഷരി സിനിമയില്‍ സൈജുകുറപ്പ് ചെയ്ത കഥാപാത്രമാണ് താന്‍ ഈയടുത്ത് കണ്ട നല്ലൊരു പൊലീസ് വേഷമെന്ന് നടന്‍ അജു വര്‍ഗീസ്. അന്താക്ഷരിയിലെ ആ വേഷം തന്നെ ഒരുപാട് റീതിങ്ക് ചെയ്യിപ്പിച്ചെന്നും താരം പറഞ്ഞു. ബിബിന്‍ദാസിന്റെ ബ്രില്യന്‍സായിരുന്നു ആ സിനിമയിലെ ചില സീനുകളെന്നും മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അജുവര്‍ഗീസ് പറഞ്ഞു.
ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ ആദ്യ മലയാളം വെബ്‌സീരീസായ കേരള ക്രൈം ഫയല്‍സുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. സീരീസില്‍ ഒരു പോലീസ് കഥാപാത്രമാണ് അജു വര്‍ഗീസ് ചെയ്യുന്നത്. ഈ കഥാപാത്രത്തെ കുറിച്ചും അജു അഭിമുഖത്തില്‍ പറയുന്നുണ്ട്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകന്‍ അഹമ്മദ് കബീറാണ് കേരള ക്രൈം ഫയല്‍ സംവിധാനം ചെയ്തിരിക്കുന്നത്.
‘ആദ്യമായിട്ടാണ് ഞാന്‍ മാന്യനായിട്ടുള്ള ഒരു പൊലീസ് വേഷം ചെയ്യുന്നത്. സാധാരണ ഞാന്‍ ചെറ്റയാണ്. അതൊരു വ്യത്യാസമാണ്. ഇതില്‍ പൊലീസ് എന്ന് പറയുമ്പോള്‍, ഒരു ഹീറോയിക് പൊലീസ് വേണ്ട. അതുകൊണ്ടാണല്ലോ സ്വാഭാവികമായും അഹമ്മദ്(സംവിധായകന്‍) എന്നെ തന്നെ വിളിച്ചത്.
ഈ കഥാപാത്രം പൊലീസ് ആയില്ലെങ്കില്‍ ഒരു പക്ഷെ ഒരു നടന്‍, അല്ലെങ്കില്‍ ഒരു അധ്യാപകനോ ആകുമായിരുന്ന ആളാണ്. വളരെ സൗമ്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സാധാരണ മനുഷ്യന്‍. ഹീറോയിസമൊന്നുമില്ല, സീനിയേഴ്‌സിന്റെ തെറികേട്ടാല്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരാള്‍.
എനിക്ക് ഈ അടുത്ത് കണ്ട നല്ലൊരു പൊലീസ് വേഷം അന്താക്ഷരിയിലെ സൈജു കുറുപ്പിന്റേതാണ്. അന്താക്ഷരി എന്നെ ഒരുപാട് റീതിങ്ക് ചെയ്യിപ്പിച്ചിട്ടുണ്ട്. അന്താക്ഷരി സൈജുകുറുപ്പ് ചെയ്തതിന്റെ ഒരു എളുപ്പമുണ്ട്. അന്താക്ഷരിയില്‍ അദ്ദേഹം ഒരു റബ്ബര്‍ ഷെഡിലേക്ക് പോകുമ്പോള്‍ തെന്നിവീഴാന്‍ പോകുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വാഭാവികമായും നമ്മള്‍ ഒന്നുകൂടെ എടുക്കാമെന്ന് പറയും. പക്ഷെ അതായിരുന്നു ബിബിന്‍ദാസ് അതില്‍ കാണിച്ച ബ്രില്യന്‍സ്. പോലീസുകാര്‍ക്കെന്താ തെന്നി വീഴാന്‍ പാടില്ലേ. അവരും മനുഷ്യരല്ലേ, ബാലന്‍സ് പോകില്ലേ,’ അജു വര്‍ഗീസ് പറഞ്ഞു.
content highlights; Aju varghese on his favorite police character