| Monday, 26th June 2023, 5:15 pm

ഞാൻ ടോക്സിക് ആയിരുന്നു, വളരെ സെൽഫിഷാണ്, ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഥാർത്ഥ ജീവിതത്തിൽ വളരെ ടോക്സിക്കായിട്ടുള്ള വ്യക്തി ആയിരുന്നെന്ന് നടൻ അജു വർഗീസ്. താൻ വളരെ സ്വാർത്ഥനായിട്ടുള്ള വ്യക്തി ആണെന്നും എന്നാൽ ഇന്ന് തന്റെ സ്വാർത്ഥത മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വളരെ ടോക്സിക് ആയിട്ടുള്ള വ്യക്തി ആയിരുന്നു. ഇപ്പോഴല്ലേ ഞാൻ ടോക്സിക് ആയിരുന്നെന്ന് അറിഞ്ഞത്. അന്നൊന്നും ഈ ടോക്സിക് എന്ന വാക്ക് പോലും അറിയില്ലായിരുന്നു. നമ്മുടെ പൊസസ്സീവ്നെസ് ഒക്കെ തെറ്റാണെന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുന്നുണ്ടല്ലോ. ഞാൻ കുറച്ച് സ്വാർത്ഥനായിട്ടുള്ള വ്യക്തിയാണ്. ആ സ്വാർത്ഥതയുടേതായ പ്രശ്നങ്ങൾ പണ്ട് ഉണ്ടായിരുന്നു. ഇപ്പോഴും സെൽഫിഷാണ്, മാറിയിട്ടൊന്നുമില്ല. എന്റെ സ്വാർത്ഥ മനോഭാവം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ഞാൻ ഇപ്പോൾ ശ്രമിക്കാറുണ്ട്,’ അജു വർഗീസ് പറഞ്ഞു.

അഭിമുഖത്തിൽ രോമാഞ്ചം എന്ന ചിത്രത്തെപ്പറ്റി അദ്ദേഹം സംസാരിച്ചു. രോമാഞ്ചം മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ ചിത്രമാണെന്നും ആ ചിത്രത്തിന് കൂടുതൽ പ്രൊമോഷൻ വേണ്ടിവന്നില്ലെന്നും പ്രേക്ഷകരാണ് പ്രൊമോഷൻ നൽകിയതെന്നും അജു പറഞ്ഞു.

‘കണ്ടന്റ് നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുക്കും. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് രോമാഞ്ചം. കുറച്ച് പോസ്റ്റേഴ്സും ഒരു ട്രെയ്‌ലറും ടീസറും മാത്രമാണ് ആ ചിത്രത്തിന് ഉണ്ടായിരുന്നത്. അതിന്റെ കണ്ടന്റ് നല്ലതായത്കൊണ്ടാണ് സിനിമ ഓടിയത്. അതിന്റെ മുടക്ക് മുതലും കളക്ഷനും നോക്കിക്കഴിഞ്ഞാൽ പുലിമുരുകന് മുകളിൽ ആണ്.

പുലിമുരുകൻ അത്രയും തുക മുടക്കി ചെയ്തപ്പോൾ ഈ ചിത്രം വളരെ ചെറിയൊരു തുകയാണ് മുടക്കിയത്. എന്നിട്ടും അതിന് കിട്ടിയ കളക്ഷൻ തുക വളരെ വലുതാണ്. അപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ രോമാഞ്ചമാണ്‌, കണക്ക് പ്രകാരം. ആ ചിത്രത്തിന് ഒരു പ്രൊമോഷനും വേണ്ടിവന്നില്ല. പ്രേക്ഷകരാണ് പ്രൊമോഷൻ തന്നത്. അതുകൊണ്ട് വലിയ രീതിയിലുള്ള പ്രൊമോഷനിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരെയും അറിയിക്കണം സിനിമയുടെ കാര്യം. ബാക്കി പ്രേക്ഷകർ തീരുമാനിക്കും,’ അജു വർഗീസ് പറഞ്ഞു.

ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള കേരള ക്രൈം ഫയൽസുമായാണ് അജു വർഗീസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ആഷിഖ് ഐമർ തിരക്കഥയെഴുതി അഹമ്മദ് കബീർ ആണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ചെയ്യുന്നത്. അജുവിനെ കൂടാതെ ലാൽ, സഞ്ജു സാനിച്ചൻ എന്നിവരും സീരീസിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

Content Highlights: Aju Varghese on himself

We use cookies to give you the best possible experience. Learn more