ഈ കള്ളത്തരങ്ങളൊക്കെ ഉള്ളതുകൊണ്ടല്ലേ ഒരു മണിക്കൂർ കൊണ്ട് നയൻതാരയുടെ ഡേറ്റ് ആയിട്ട് വന്നത്: അജു വർഗീസ്
Entertainment
ഈ കള്ളത്തരങ്ങളൊക്കെ ഉള്ളതുകൊണ്ടല്ലേ ഒരു മണിക്കൂർ കൊണ്ട് നയൻതാരയുടെ ഡേറ്റ് ആയിട്ട് വന്നത്: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th June 2023, 12:39 pm

നടൻ ധ്യാൻ ശ്രീനിവാസന്റെ, കഥ പറയാനുള്ള കഴിവുകൊണ്ടാണ് നയൻ താരയുടെ ഡേറ്റ് കിട്ടിയതെന്ന് നടൻ അജു വർഗീസ്. അധികം സിനിമകൾ ചെയ്യാതെ ധ്യാനിന് ധാരാളം ആരാധകർ ഉണ്ടെന്നും അത് വളരെ വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ധ്യാൻ എപ്പോഴും എല്ലാത്തിലും ഒരു തമാശ കൊണ്ടുവരാൻ നോക്കും. അവൻ നല്ല സ്റ്റോറി ടെല്ലർ ആണ്. അല്ലെങ്കിൽ നയൻതാരയെപോലെ ഒരു വലിയ താരത്തിന്റെ ഡേറ്റ് കിട്ടുമെന്ന് തോന്നുന്നുണ്ടോ. ഈ കള്ളത്തരം ഉള്ളതുകൊണ്ടല്ലേ അതൊക്കെ നടന്നത് (ചിരിക്കുന്നു).

ചിലപ്പോൾ പുള്ളിക്കാരിയോട് ആദ്യം പറഞ്ഞ കഥയേ അല്ല പിന്നീട് ലവ് ആക്ഷൻ ഡ്രാമയിൽ ഷൂട്ട് ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. പുള്ളിക്കാരിയോട് വലിയ പടം ആണെന്നൊക്കെയാവും പറഞ്ഞിട്ടുണ്ടാകുക. പാവം (ചിരിക്കുന്നു).

പക്ഷെ ഇന്ന് നയൻതാരയുമായി നല്ല ബന്ധം ആണ്. ഇനി ചിലപ്പോൾ എന്നെ അടുപ്പിച്ചില്ലെങ്കിലും വീണ്ടും ഒരു കഥ പറയാൻ അവസരമൊക്കെ ധ്യാനിന് കിട്ടും.

താൻ സിനിമകളുടെ ലൊക്കേഷനിൽ നിൽക്കുമ്പോൾ ധ്യാനിനെ ആരാധകർ തിരക്കാറുണ്ടെന്ന് അജു വർഗീസ് പറഞ്ഞു. വളരെ കുറച്ച് സിനിമകൾ ആണ് ചെയ്തിട്ടുള്ളതെങ്കിലും ധ്യാനിന് ആരാധകർ ധാരാളമുണ്ടെന്നും അതൊരു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മറ്റ് ഷൂട്ടിങ് ലൊക്കേഷനിൽ ഒക്കെ ചെല്ലുമ്പോൾ പ്രേക്ഷകർ വന്ന് ചോദിക്കും ധ്യാനിന്റെ വിശേഷങ്ങൾ. കാരണം ഞാൻ അവന്റെ സുഹൃത്ത് ആണെന്ന് എല്ലാവർക്കും അറിയാം. അത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇതിനും മാത്രം സിനിമയൊന്നും ചെയ്യാതെ, അല്ലെങ്കിൽ അത്രയും ഹിറ്റുകൾ ഇല്ലാതെ ഇതൊക്കെ എങ്ങനെ? അതൊരു ഭാഗ്യമാണ്. പ്രേക്ഷകരുടെ ഇഷ്ടം കിട്ടുക എന്നുള്ളത് വളരെ വലിയൊരു കാര്യമാണ്.

എസ്. എൻ സ്വാമി സാറിനെപോലെ അത്രയും വലിയൊരു സംവിധായകന്റെ സിനിമയിലാണ് ധ്യാൻ ഇപ്പോൾ അഭിനയിക്കുന്നത്. ഒരു കാര്യം എനിക്ക് ഉറപ്പാണ്, സ്വാമി സാർ ഒത്തിരി ചിരിക്കും,’ അജു വർഗീസ് പറഞ്ഞു.

Content highlights: Aju Varghese on Dhyan sreenivasan and Nayanthara