| Saturday, 17th June 2023, 7:11 pm

അവനെ അമ്മയുടെ പ്രസിഡന്റ് ആക്കണമെന്ന കമന്റ് കണ്ട് ഞാൻ ചിരിച്ച് മറിഞ്ഞു, ആളെ വേണ്ടത്ര പരിചയം ഇല്ലാത്തത്കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാൻ ശ്രീനിവാസൻ നിവിൻ പോളി കോംബോ തനിക്ക് വളരെ പ്രിയപ്പെട്ടതെന്ന് നടൻ അജു വർഗീസ്. ധ്യാൻ ശ്രീനിവാസൻ സിനിമ സംവിധാനം ചെയ്താൽ താനായിരിക്കും പ്രൊഡ്യൂസർ എന്നും അങ്ങനെ ഒരു ചിത്രം തീർച്ചയായും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധ്യാൻ സംവിധാനം ചെയ്യുന്ന ആറു ചിത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അവന്റെയും നിവിന്റെയും സിങ്ക് വരുന്നത് എനിക്ക് ഇഷ്ടമാണ്. പ്രൊഡക്ഷൻ ഞാൻ ആയിരിക്കും. ധ്യാനിന്റെ ഡയറക്ഷനിൽ അങ്ങനെ ഒരു ചിത്രം പ്രതീക്ഷിക്കാം.

വിനീത് ഇപ്പോൾ എഴുത്തിലാണെന്ന് കേട്ടു, ധ്യാൻ അഭിനയിക്കുന്നുണ്ടെന്ന് അവൻ എല്ലാവരോടും പറയുന്നുണ്ട്. വിനീത് പറയുന്നത് ഞാൻ കേട്ടിട്ടില്ല. ധ്യാൻ എല്ലാവരോടും പറഞ്ഞ്‌ നടക്കുന്നുണ്ട് (ചിരിക്കുന്നു).

ഞാൻ വിനീതിനോട് ചോദിച്ചു ഇനി അവനെ ഒഴിവാക്കാതിരിക്കാനാണോ ഇങ്ങനെ പറയുന്നത്? കാരണം പ്രേക്ഷകർ മുഴുവനും അവന്റെ കൂടെ നിൽക്കും, ധ്യാനിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ആളുകൾ ചിലപ്പോൾ ചോദിക്കും. ഗാലറി മുഴുവൻ അവന്റെ കൂടെയാണ്,’ അജു വർഗീസ് പറഞ്ഞു.

ആളുകളെ വിമർശിക്കുമ്പോഴും അവരെ ചിരിപ്പിക്കാനുള്ള കഴിവ് ധ്യാനിന് ഉണ്ടെന്നും ധ്യാനിനെ അമ്മയുടെ പ്രസിഡന്റ് ആക്കണമെന്ന് യൂട്യൂബ് ചാനലുകളിൽ കമന്റുകൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരാളുടെ മുഖത്തു നോക്കി അയാളെ ക്രിട്ടിസൈസ് ചെയ്തിട്ട് അയാളെ ചിരിപ്പിക്കാൻ കഴിയുന്നത് ഒരു കഴിവാണ്. അവൻ വളരെ സീരിയസ് ആയിട്ടിരിക്കുന്ന പല ഇന്റർവ്യൂകളും ഞാൻ കണ്ടിട്ടുണ്ട്. അവന്റെ ഒരു ഇന്റർവ്യൂവിന് താഴെ വന്ന കമന്റ് കണ്ട് ഞാൻ ചിരിച്ച് മറിഞ്ഞിട്ടുണ്ട്. കാരണം ഒരാൾ പറയുകയാണ് ധ്യാനിനെ അമ്മയുടെ പ്രസിഡന്റ് ആക്കണമെന്ന്. അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ആളെ അത്രക്ക് പരിചയം ഇല്ലാത്തത്കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന്,’ അജു വർഗീസ് പറഞ്ഞു.

Content Highlights: Aju Varghese on Dhyan Sreenivasan

Latest Stories

We use cookies to give you the best possible experience. Learn more