Advertisement
Entertainment
എന്റെ ആ വേഷം അരോചകമാണെന്ന് ആ പത്രം റിപ്പോർട്ട് ചെയ്തിരുന്നു: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 10, 02:01 pm
Monday, 10th July 2023, 7:31 pm

ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിൽ സ്കൂൾ കുട്ടിയുടെ വേഷം ചെയ്തപ്പോൾ തനിക്ക് 32 വയസുണ്ടായിരുന്നെന്ന് നടൻ അജു വർഗീസ്. ആ വേഷം ചെയ്താൽ തനിക്ക് ട്രോൾ ഉണ്ടാകുമെന്ന് സംവിധായകനോട് നേരത്തെ പറഞ്ഞിരുന്നെന്നും തന്നെ ഒരു സ്കൂൾ കുട്ടിയുടെ വേഷത്തിൽ കണ്ടപ്പോൾ അരോചകമായി തോന്നിയെന്ന് ഒരു പത്രത്തിൽ കണ്ടിട്ടുണ്ടെന്നും അജു വർഗീസ് പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെമ്പരത്തിപ്പൂ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 32 വയസുണ്ട്. സംവിധായകൻ അരുണിനോട് ഞാൻ പറഞ്ഞിരുന്നു ഈ കഥാപാത്രത്തിന് ഞാൻ ഉറപ്പായും ട്രോൾ വാങ്ങിക്കുമെന്ന്.

അരുൺ എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ്.പുള്ളിയുടെ രണ്ടാമത്തെ ചിത്രം ഗുണ്ട ജയൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലെ ലുക്ക് എനിക്ക് ഇഷ്ടമായി. അതിനൊരു പാസ് മാർക്ക് കൊടുക്കാം. ഈ രൂപം സ്കൂൾ പിള്ളേർക്ക് പറ്റുന്നതാണോയെന്ന് ചിലർക്കൊക്കെ തോന്നാം. പക്ഷെ ഞാൻ അത് അറ്റംപ്റ്റ് ചെയ്തു.

എനിക്കിപ്പോഴും ഓർമയുണ്ട്, അജു വർഗീസ് ഈ വേഷം ചെയ്തിട്ട് അരോചകമായി തോന്നിയെന്ന് ഒരിക്കൽ കണ്ടിരുന്നു, മാതൃഭൂമി പത്രത്തിലാണെന്ന് തോന്നുന്നു. അത് അവർ ക്രിട്ടിസൈസ് ചെയ്തതാണ്. അരോചകം, എന്നത് ഒരു തെറ്റായ വാക്കല്ല. 32 വയസുള്ള ഒരാൾ 16 വയസുള്ള ആളുടെ വേഷം ചെയ്യുന്നത് സഹിക്കാൻ പറ്റില്ല. അല്ലെങ്കിൽ അതിനായി ശരീരം ഒക്കെ ഒരുക്കിയെടുക്കണം.

താരതമ്യം ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, എങ്കിലും പറയുവാ 3 ഇഡിയറ്റ്സ് ചെയ്യുമ്പോൾ അമീർ ഖാന് ശരിക്കും അദ്ദേഹത്തിന്റെ വയസ്, കഥാപാത്രത്തിന്റേതിൽനിന്നും ഇരട്ടിയായിരുന്നു,’ അജു വർഗീസ് പറഞ്ഞു.

Content Highlights: Aju Varghese on Chembarathipoo movie