| Monday, 25th November 2024, 10:13 am

സിനിമയിലെത്തണമെന്ന ആഗ്രഹവുമായി വരുന്നവരോട് നോ പറയാത്തയാളാണ് ആ നടന്‍: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

സുഹൃത്തും നടനുമായ ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. എല്ലാ ആഴ്ചയിലും ധ്യാനിന്റെ സിനിമ റിലീസ് ചെയ്യാറുണ്ടെന്ന് അജു പറഞ്ഞു. ഒരുകാലത്ത് താന്‍ ധ്യാനിന്റെ മിക്ക സിനിമകളിലും ഉണ്ടായിരുന്നെന്നും ഇപ്പോള്‍ ഇല്ലെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അടുപ്പിച്ച് സിനിമകള്‍ ചെയ്യുന്നതിന് ധ്യാന്‍ നല്‍കുന്ന വിശദീകരണം തനിക്ക് ശരിയായി തോന്നിയിട്ടുണ്ടെന്നും അജു പറഞ്ഞു.

വലിയ നടന്മാരെ വെച്ച് ചെയ്യണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ അവരിലേക്ക് എത്താന്‍ പറ്റാതെ പോവുകയും ചെയ്യുന്ന കഥകളാണ് ധ്യാനിന് കൂടുതലായും വരാറുള്ളതെന്ന് അജു കൂട്ടിച്ചേര്‍ത്തു. സിനിമയിലെത്തണമെന്ന് അതിയായ മോഹമുള്ളവരോട് നോ പറയാന്‍ കഴിയാത്തതുകൊണ്ടാണ് എല്ലാ സിനിമയും കഥ കേട്ട ഉടനെ ചെയ്യുന്നതെന്നും അജു പറഞ്ഞു.

ഓരോ സംവിധായകരും അവരുടെ സിനിമയെ ആര്‍.ആര്‍.ആര്‍, അല്ലെങ്കില്‍ കെ.ജി.എഫ് പോലെയാണ് കരുതുന്നതെന്നും അവരുടെ പ്രഭാസാണ് ധ്യാന്‍ ശ്രീനിവാസനെന്നും അജു കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ഈ മാസം ഞാന്‍ അഭിനയിച്ച നാലാമത്തെ സിനിമയാണ് ഹലോ മമ്മി. പക്ഷേ അതുകൊണ്ടൊന്നും എന്റെ ആശാന്‍ ധ്യാനിനെ തകര്‍ക്കാന്‍ പറ്റില്ല. പുള്ളി നായകനാകുന്ന സിനിമകള്‍ ഇറങ്ങാത്ത വെള്ളിയാഴ്ച ഇപ്പോള്‍ ഇല്ല എന്ന അവസ്ഥയിലാണ്. ഇടക്ക് ധ്യാനിന്റെ എല്ലാ സിനിമയിലും ഞാനും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയില്ല. എന്തിനാണ് ഇങ്ങനെ അടുപ്പിച്ച് സിനിമകള്‍ ചെയ്യുന്നതെന്ന് ഞാന്‍ ധ്യാനിനോട് ചോദിക്കാറുണ്ട്. അതിന് അവന്‍ നല്‍കുന്ന മറുപടി കണ്‍വിന്‍സിങ്ങാണ്.

വലിയ നടന്മാരുടെ അടുത്തേക്ക് എത്താന്‍ പറ്റാത്ത കഥകളാണ് ധ്യാനിനെ തേടി വരാറുള്ളത്. സിനിമയിലെത്തണമെന്ന് അതിയായ ആഗ്രമുള്ളവരോട് അവന്‍ ഒരിക്കലും നോ പറയില്ല. എനിക്കും ആ കാര്യം ഓക്കെയായി തോന്നി. എല്ലാ പുതിയ സംവിധായകര്‍ക്കും അവരുടെ ആദ്യത്തെ സിനിമ ആര്‍.ആര്‍.ആറും കെ.ജി.എഫും പോലെ തന്നെയാണ്. അവരുടെ പ്രഭാസാണ് ധ്യാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese explains why Dhyan Sreenivasan doing back to back movies

We use cookies to give you the best possible experience. Learn more