Movie Day
സിഗ്‌നല്‍ വേണോ? ആ ബാലേട്ടാ, ഒരു സിഗ്‌നല്‍ കൊടുക്കാമോ; പേരില്ലൂരിനെ വട്ടം കറക്കുന്ന സൈക്കോ ബാലചന്ദ്രന്‍
പേരില്ലൂര്‍ എന്ന ഗ്രാമത്തിന്റേയും അവിടെയുള്ള വ്യത്യസ്തരായ മനുഷ്യരുടേയും കഥ പറയുന്ന വെബ് സീരീസാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്. ആക്ഷേപ ഹാസ്യവും നര്‍മവും ഇഴചേര്‍ത്ത് ഒരുക്കിയിരിക്കുന്ന വെബ്സീരീസ് ഒരു കിടിലന്‍ അനുഭവം തന്നെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
പഞ്ചവടിപ്പാലം, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയ ക്ലാസിക് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗും ഒരുക്കിയിരിക്കുന്നത്.
അതിവിചിത്രമായ രീതിയില്‍ പെരുമാറുന്ന ഒരു പറ്റം മനുഷ്യര്‍ ജീവിക്കുന്ന ഗ്രാമമാണ് പേരില്ലൂര്‍. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറെ ത്രില്ലടിച്ചുകണ്ട ഒരു കഥാപാത്രമാണ് അജു വര്‍ഗീസ് അവതരിപ്പിച്ച സൈക്കോ ബാലചന്ദ്രന്‍.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരെ നൈസ് ആയി പറ്റിക്കുന്ന, നാട് കുട്ടിച്ചോറാക്കുന്ന, കുത്തിത്തിരിപ്പുണ്ടാക്കുന്ന ഒരാള്‍. അജു വര്‍ഗീസ് സ്‌ക്രീനില്‍ എത്തുമ്പോഴെല്ലാം എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്ന് പ്രേക്ഷകര്‍ക്ക് ഉറിപ്പിക്കം.
എതിര്‍ ടീമിലെ ക്ലബ്ബ് നടത്തുന്ന ഉത്സവം കലക്കാനായി തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ബാലചന്ദ്രന്റെ സഹായം തേടിയെത്തുന്ന രണ്ട് പേരിലൂടെയാണ് സൈക്കോ ബാലചന്ദ്രനെന്ന ബാചയെ പ്രേക്ഷകര്‍ കാണുന്നത്. പണം വാങ്ങി ആ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ആ ഒരു സീനിലൂടെ തന്നെ ബാലചന്ദ്രന്‍ എന്താണെന്ന ഒരു ധാരണ പ്രേക്ഷകര്‍ക്ക് ലഭിക്കും.
പണ്ട് കക്ക വാരാന്‍ പോയ ബാലചന്ദ്രന്റെ സൈക്കോത്തരം സഹിക്കാന്‍ വയ്യാതെ കാമുകി പൂജാ രാജന്‍ സ്വന്തം ജീവിതം വാരിയെടുത്ത് ഓടിപ്പോയതിന് പിന്നാലെയാണ് ബാലചന്ദ്രന്‍ അങ്ങാടിയില്‍ പൂജാ സ്റ്റോര്‍സ് തുടങ്ങുന്നതെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്.
പൂജ വാരിയതുകൊണ്ടാണ് ബാലചന്ദ്രന്‍ സൈക്കോ ആയതെന്ന മറ്റൊരു കഥകൂടിയുണ്ട്. എന്തായാലും ബാലചന്ദ്രന്‍ ടെറര്‍ ആണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നാട്ടുകാരെ പറ്റിക്കലും കുത്തിത്തിരിപ്പ് ഉണ്ടാക്കി നാടു കുട്ടിച്ചോറാക്കുകയുമാണ് ബാലചന്ദ്രന്റെ വിനോദങ്ങള്‍.
തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും തോറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാളവികയും അമ്മായിയും തെരഞ്ഞെടുപ്പ് കലക്കാനായി സമീപിക്കുന്നതും സൈക്കോ ബാലചന്ദ്രനെയാണ്.
എതിര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കലക്കി അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ പാര്‍ട്ടിയുടെ തലയില്‍ ഇടണമെന്നാണ് മാളവികയും അമ്മായിയും ബാലനോട് ആവശ്യപ്പെടുന്നത്. പിടിക്കപ്പെടുമ്പോള്‍ മാളവിക പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് പറയണമെന്നും സഹതാപ തരംഗത്തില്‍ എതിര്‍ പാര്‍ട്ടി ജയിക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അവര്‍ പദ്ധതി പ്ലാന്‍ ചെയ്യുന്നത്.
എന്നാല്‍ വലിയൊരു പരിപാടി സ്വന്തം നാട്ടില്‍ നാട്ടുകാരുടെ മുന്‍പില്‍ വെച്ച് ചെയ്യണമെന്നത് ആഗ്രഹമാണെന്നും തനിക്ക് ആ കിക്ക് മതിയെന്നും കാശ് വേണ്ടെന്നും ഇവരോട് ബാലചന്ദ്രന്‍ പറയുന്നുണ്ട്. അവിടെ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് നേരെ വിപരീതമായി മാളവികയുടെ തെരഞ്ഞെടുപ്പ് പരിപാടിയാണ് സൈക്കോ ബാലന്‍ കലക്കുന്നത്. അതും അന്നേ വരെ ആരും കാണാത്ത രീതിയില്‍.
തങ്ങള്‍ പറഞ്ഞതിന് വിപരീതമായി പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാനാണെങ്കില്‍ പിന്നെ തന്നെ എന്തിനാണ് സൈക്കോ ബാലചന്ദ്രന്‍ എന്ന് വിളിക്കുന്നതെന്ന മാസ് ചോദ്യമാണ് ബാലേട്ടന്‍ ഉയര്‍ത്തുന്നത്.
മറ്റൊരു രംഗത്തില്‍ കാമുകിയെ കാണാന്‍ സണ്ണി വെയ്ന്റെ കഥാപാത്രം അവളുടെ വീട്ടിലേക്ക് പോകുന്ന ഒരു രംഗമുണ്ട്. ശ്രീക്കുട്ടന്റെ അനുജന്റെ ആവശ്യപ്രകാരം കാമുകിയുടെ വീട്ടിലേക്ക് ഗുണ്ടെറിഞ്ഞാണ് ബാലചന്ദ്രന്‍ കാമുകിക്ക് സിഗ്‌നല്‍ കൊടുക്കുന്നത്.
റോഡ് സൈഡില്‍ നില്‍ക്കുന്ന കോഴി, കോഴിക്കടയിലേക്ക് പോകുന്ന വണ്ടിയില്‍ നിന്ന് വീണതാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അതിന് പിന്നാലെ അവരെ ഓടിപ്പിക്കുകയും നാട്ടില്‍ പുലിയിറങ്ങിയെന്നും ഫേഷ്യല്‍ ചെയ്ത് വെയിലുകൊണ്ടാല്‍ കറുത്തുപോകുമെന്നുമൊക്കെ പറഞ്ഞ് നാട്ടുകാരെ അറഞ്ചം പുറഞ്ചം പറ്റിക്കുകയും ചെയ്യുന്ന ഒരു കിടിലന്‍ സൈക്കോയായി പേരില്ലൂരില്‍ നിറഞ്ഞാടുന്നുണ്ട് അജു. സൈക്കോ ബാലചന്ദ്രനായി പേരില്ലൂരില്‍ അജു വര്‍ഗീസ് ജീവിച്ചു എന്ന് തന്നെ പറയാം.
ഈ വര്‍ഷം ഒരുപിടി മികച്ചകഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ മുന്നിലെത്താന്‍ അജു വര്‍ഗീസിന് സാധിച്ചിരുന്നു. നദികളില്‍ സുന്ദരി യമുനയിലെ വിദ്യാധരനായും 2018-ലെ ഡ്രൈവര്‍ കോശിയായും കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരിസിലെ എസ്.ഐ. മനോജായും ഫീനിക്‌സിലെ അഡ്വ. ജോണായും പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിലെ മോനിച്ചനായും അജു വ്യത്യസ്തതകള്‍ പരീക്ഷിച്ചു.
മിന്നല്‍ മുരളിയിലെ പോത്തന്‍ എന്ന പൊലീസുകാരനായും ജയ ജയ ജയ ജയഹേയിലെ അധ്യാപകനായ കാര്‍ത്തികേയനായും മികവുറ്റ പ്രകടനം കാഴ്ചവെക്കാനും അജുവിനായി.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അജു വര്‍ഗീസ് നൂറിലേറെ ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. കോമഡി കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയ അജു സീരിയസ് റോളുകളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചു കഴിഞ്ഞു.
കോമഡിക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പേരില്ലൂരിനെ സംവിധായകന്‍ അണിയിച്ചൊരുക്കിയത്. സീരീയസ് മോഡില്‍ എത്തുന്ന കഥാപാത്രങ്ങള്‍ പോലും കോമഡിയാകുന്നിടത്താണ് പേരില്ലൂര്‍ വിജയിക്കുന്നത്.
പേരില്ലൂരുകാരുടെ കഥയോ അതിന് പിന്നില്‍ ഉള്ള കാരണങ്ങളോ ചികയാതെ വലിയ ലോജിക്കൊന്നും നോക്കാതെ കണ്ടിരുന്നാല്‍ വളരെ നല്ലൊരു അനുഭവം സമ്മാനിക്കുന്ന വെബ് സീരീസ് തന്നെയാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്.
നിഖിലാ വിമല്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാളവിക എന്ന കഥാപാത്രമായി ആണ് നിഖില വേഷമിടുന്നത്. അബദ്ധവശാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റാവുന്ന മാളവികയെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ട് പോക്ക്. ശ്രീക്കുട്ടന്‍ എന്ന നായകവേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നു. വിജയരാഘവന്‍, അശോകന്‍ തുടങ്ങി വലിയ താരനിരയും ഈ സീരിസിന്റെ ഭാഗമാകുന്നുണ്ട്.
Content Highlight: Aju Varghese Excellent Performance on Perilloor Premier League