| Thursday, 16th November 2023, 1:15 pm

എനിക്ക് അജുവിന്റെ കാശ് വേണ്ട; പകരം അവനും എന്റെ അവസ്ഥയിലാണെന്ന് അറിയുമ്പോഴുള്ള സന്തോഷമാണ് വേണ്ടത്: ഭഗത് മാനുവല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് സിനിമ മുതല്‍ സുഹൃത്തുക്കളായവരാണ് അജു വര്‍ഗീസും ഭഗത് മാനുവലും. 2010ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അതിന് ശേഷം ഇരുവരും ഒന്നിച്ച് ധാരാളം സിനിമകളില്‍ വന്നിരുന്നു.

ഇപ്പോള്‍ ഏറ്റവും പുതുതായി ഫീനിക്‌സ് എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് ഇരുവരും.

‘ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോള്‍ പലപ്പോഴും കൂട്ടചിരിയാകും. അങ്ങനെ ചിരിക്കാന്‍ പ്രത്യേകിച്ച് ഒന്നും തന്നെ ആവശ്യവുമില്ല. നമ്മള്‍ പലപ്പോഴും വലിയ സൗകര്യങ്ങളുടെ പുറത്തുള്ള ചിരിയല്ല അത്.

പഴയ തൊണ്ണൂറുകളുടെ പടം പോലെയാണ്. ഒന്നുമില്ലാത്തതിന്റെ ചിരിയാണ്. സിദ്ദീഖ്‌ലാല്‍ സിനിമകളിലെയൊക്കെ അവസ്ഥയാണ് ഞങ്ങള്‍ക്ക്. അതായത് എല്ലാം തികഞ്ഞിട്ടുള്ള തമാശയാകില്ല അത്,’ അജു വര്‍ഗീസ് പറയുന്നു.

‘നമ്മുടെ ഇപ്പോഴുള്ള അവസ്ഥ ഓര്‍ത്തിട്ടാണ് ചിരി വരുന്നത്. മിഥുനത്തിലെ ലാലേട്ടന്റെയൊക്കെ അവസ്ഥ. ഞാന്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അജുവിനെ വിളിക്കും.

എടാ, എനിക്ക് വേണ്ടത് നിന്റെ കാശല്ല. എനിക്ക് വേണ്ടത് നീയും എന്റെ അതേ അവസ്ഥയിലാണെന്ന് അറിയുമ്പോഴുള്ള സന്തോഷമാണ് എന്ന് വിളിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്,’ ഭഗത് മാനുവല്‍ ചിരിയോടെ പറഞ്ഞു.

‘ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ ഏകദ്ദേശം ഒരു മാസത്തോളമായി. ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് വരുന്നത്. ഒരു മാസം മുമ്പ് കണ്ടതിന് ശേഷം സിനിമയുടെ പ്രമോഷനുള്ള ഇന്റര്‍വ്യുവിന് വരുമ്പോഴാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്.

ഞാന്‍ വന്നതും അവനോട് ഒരുപാട് പേയ്‌മെന്റുകളൊക്കെ അടക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ ഉടനെ ഇവന്‍ പറഞ്ഞത്, ‘ഹോ ഇപ്പോഴാണ് എനിക്ക് സന്തോഷമായത്. ഞാന്‍ വിചാരിച്ചു നീയങ്ങ് രക്ഷപെട്ടു പോയെന്ന്’, അത്തരത്തിലാണ് ഞങ്ങള്‍ക്കിടയിലെ തമാശകള്‍,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese And Bhagath Manuel Talks About Their Friendship

We use cookies to give you the best possible experience. Learn more