സാറ്റര്‍ഡേ നൈറ്റ് കണ്ടിട്ട് എന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്നാണ് ആ റിവ്യൂവര്‍ പറഞ്ഞത്, ഞാനത് റോഷന്‍ ആന്‍ഡ്രൂസിന് അയച്ച് കൊടുത്തു: അജു വര്‍ഗീസ്
Entertainment
സാറ്റര്‍ഡേ നൈറ്റ് കണ്ടിട്ട് എന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്നാണ് ആ റിവ്യൂവര്‍ പറഞ്ഞത്, ഞാനത് റോഷന്‍ ആന്‍ഡ്രൂസിന് അയച്ച് കൊടുത്തു: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th June 2023, 7:14 pm

വിമര്‍ശനങ്ങള്‍ തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് നടന്‍ അജു വര്‍ഗീസ്. സാറ്റര്‍ഡേ നൈറ്റ് കണ്ടിട്ട് തന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്ന് റിവ്യൂവര്‍ അശ്വന്ത് കോക് പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു. സില്ലി മോങ്കസ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

‘വിമര്‍ശനങ്ങളെ എനിക്ക് എപ്പോളും ഇഷ്ടമാണ്. സാറ്റര്‍ഡേ നൈറ്റ് കണ്ടിട്ട് അശ്വന്ത് കോക് എന്നെ ബലിക്കല്ലിലടിച്ച് കൊല്ലണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് (ചിരിക്കുന്നു). ഞാനത് സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് റോഷന്‍ സാറിന് അയച്ച് കൊടുത്തു,’ അജു പറഞ്ഞു.

കോളേജില്‍ പഠിക്കുമ്പോഴും ആളുകള്‍ തന്റെ അടുത്ത് വന്ന് കുറ്റം പറയുമ്പോള്‍ താന്‍ ആസ്വദിക്കാറുണ്ടായിരുന്നെന്നും അവരുടെ മുഖത്തെ സന്തോഷം കാണാന്‍ തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

‘പണ്ട് കോളേജില്‍ പഠിക്കുമ്പോഴും എന്റെ അടുത്ത് വന്ന് എന്നെ കുറ്റം പറയുമ്പോള്‍ എനിക്ക് അവരുടെ മുഖത്തെ സന്തോഷം ഇഷ്ടമാണ്. ഒരു നാഗവല്ലി എഫക്ട് എനിക്ക് കിട്ടാറുണ്ട്. എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ നന്നായി പഠിക്കും. ഒരിക്കല്‍ ഞാനവളുടെ അച്ഛനോട് സംസാരിച്ചപ്പോള്‍ എനിക്ക് ഒന്‍പത് സപ്ലിയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്നെക്കാളും മികച്ചതാണല്ലോ മകള്‍ എന്നൊരു സന്തോഷം വന്നു. അതില്‍ ഞാനൊരു ആസ്വാദനം കാണാറുണ്ട്.


ഇപ്പോഴും എന്റെ അടുത്ത് വന്നിട്ട് പടമില്ലേയെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എനിക്ക് റിലീസ് ചെയ്യാന്‍ പടമുണ്ടെങ്കിലും ഞാന്‍ വെറുതെ ഇല്ലെന്ന് പറയും. അപ്പോള്‍ ആ ഇല്ലല്ലേ എന്നൊരു സന്തോഷം കാണും അവരുടെ മുഖത്ത് അത് കാണുമ്പോള്‍ എനിക്കൊരു സന്തോഷമാണ്. ചെറിയൊരു വട്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

തന്നെ ആക്ഷന്‍ സിനിമ ചെയ്യാന്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ആക്ഷന്‍ ചെയ്താല്‍ തമാശ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആക്ഷന്‍ ചെയ്താല്‍ നല്ല തമാശ ആയിരിക്കും. എന്നെ ആക്ഷന്‍ ചെയ്യാന്‍ പുതുമുഖ സംവിധായകര്‍ വിളിച്ചിട്ടുണ്ട്. എനിക്കറിയാം അവര്‍ക്ക് കൊള്ളാവുന്ന നടമാരോട് കഥ പറയാന്‍ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ്. ഞാന്‍ അവരോട് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളിത് ചെയ്താല്‍ നിങ്ങളുടെ ജിവിതം അവിടെ തീരുമെന്ന്. എന്നെ കൊണ്ട് ആക്ഷന്‍ ചെയ്യിപ്പിച്ച്, ആള്‍ക്കാര്‍ കൂവി സംവിധായകന്‍ ഡിപ്രഷന്‍ അടിച്ച് ഇരിക്കും. എനിക്ക് പിന്നെയും ഓക്കെ ആയിരിക്കും. എന്നെ ബാധിക്കുന്ന ആ സ്റ്റേജ് കഴിഞ്ഞു. അവന്റെ ആദ്യത്തെ സിനിമയാണ്, എന്നന്നേകും കൂവലിന്റെ ഒച്ചയായിരിക്കും അവന്റെ ചെവിയില്‍,’ അജു പറഞ്ഞു.

 

Content Highlight: aju varghese about saturday night review