| Wednesday, 2nd November 2022, 7:04 pm

ഞാന്‍ സെറ്റിലേക്ക് ചെന്നപ്പോള്‍ അതാ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി ബാറിന്റെ മൂലയിലിരുന്ന് ഇഡ്‌ലി തിന്നുന്നു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാറ്റര്‍ഡേ നൈറ്റ് സെറ്റിലെ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അജു വര്‍ഗീസ്. സെറ്റില്‍ നിവിന്‍ പോളി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ് അജു സംസാരിക്കുന്നത്.

സാറ്റര്‍ഡേ നൈറ്റില്‍ വളരെ കുറച്ച് സമയം മാത്രം വരുന്ന കഥാപാത്രമാണ് താനെന്നും അതുകൊണ്ട് മറ്റുള്ള അഭിനേതാക്കളെ പോലെ ഒരുപാടൊന്നും ഭക്ഷണ വിഭവങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു.

ട്രോളിക്കൊണ്ടാണ് നിവിന്റെ ഭക്ഷണത്തോടുള്ള ഇഷ്ടത്തെ കുറിച്ച് അജു സംസാരിക്കുന്നത്. നിവിനും ഗ്രേസ് ആന്റണിയും സാനിയയും അജുവും ഒന്നിച്ചു പങ്കെടുത്ത അഭിമുഖത്തില്‍ അജുവിനെ ഇവരെല്ലാവരും ചേര്‍ന്ന് ട്രോളുന്നുമുണ്ട്.

‘ഞാന്‍ ഷൂട്ടിന് വേണ്ടി ഇടക്കിടക്ക് വന്നുപോകുകയാണ് ചെയ്യാറുള്ളത്. ഒരു ദിവസം ബാറിലുള്ള സീന്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അങ്ങനെ ഞാന്‍ അന്ന് സെറ്റിലെ ബാറിലെത്തി.

ഞാന്‍ നോക്കുമ്പോള്‍ അതാ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി നാല് മണിക്ക് ഒരു മൂലയിലിരുന്ന് ഇഡ്‌ലി കഴിക്കുന്നു. ഞാന്‍ എന്താ കാര്യമെന്ന് ചോദിച്ചു. ‘നല്ല വിശപ്പ്’ എന്നായിരുന്നു നിവിന്റെ മറുപടി. നമ്മളൊക്കെ സാധാരണ നാല് മണിക്ക് എന്തെങ്കിലും സ്‌നാക്കല്ലേ കഴിക്കുക. പുള്ളി പക്ഷെ മൂന്ന് നാല് ഇഡ്‌ലിയൊക്കെ കഴിക്കുകയാണ്,’ അജു പറഞ്ഞു.

ഇതിന് പിന്നാലെ ബാറിലെവിടെയാടാ ഇഡ്‌ലി എന്നായി നിവിന്‍ പോളി. ഇത് ചെറിയൊരു തള്ളാണോ എന്ന് സാനിയയും ചോദിച്ചു. ഇത് തള്ളല്ലെന്നും ബാറിലെങ്ങനെ ഇഡ്‌ലി വന്നെന്ന കാര്യം തനിക്കും അറിയില്ലെന്നുമാണ് അജു ഇതിന് മറുപടി നല്‍കിയത്. ‘സാരമില്ല, എന്തായാലും പറഞ്ഞുപോയില്ലേ, നമുക്കത് വിടാം,’ എന്നും കളിയാക്കികൊണ്ട് നിവിനും പറഞ്ഞു.

സാറ്റര്‍ഡേ നൈറ്റ് ഷൂട്ടിങ് സെറ്റിലെ ഭക്ഷണത്തെ കുറിച്ചുള്ള ചില വിശേഷങ്ങള്‍ സാനിയ ഇയ്യപ്പനും ഗ്രേസ് ആന്റണിയും അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ലൊക്കേഷനിലെ ഫുഡ് വളരെ ഇഷ്ടമായിരുന്ന ഗ്രേസിന് ഒരുപാട് വെറൈറ്റി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകുമെന്ന് നിവിന്‍ പോളി തമാശയായി പറഞ്ഞപ്പോഴായിരുന്നു ഇരുവരും ഭക്ഷണത്തെ കുറിച്ച് സംസാരിച്ചത്. ആക്ഷേപഹാസ്യ രൂപത്തിലായിരുന്നു ഗ്രേസിന്റെ മറുപടി.

‘അതേ നിവിന്‍ ചേട്ടാ… വളരെ നല്ല ഫുഡായിരുന്നു. സാനിയക്ക് അത് വ്യക്തമായി അറിയാം. സാനിയ ഇടക്കിടക്ക് ആശുപത്രിയില്‍ പോകും. ഡ്രിപ്പിട്ട് തിരിച്ചുവരും. അത്ര നല്ല ഫുഡായിരുന്നു,’ ഗ്രേസ് പറഞ്ഞു.

ഷൂട്ടിങ്ങിനിടയില്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സാനിയയും തുറന്നുപറഞ്ഞു. ‘സെറ്റിലെ വെള്ളം നമുക്കാര്‍ക്കും പറ്റുന്നുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രി ഒരു ചേസിങ് ഷൂട്ട് എടുക്കാനുണ്ടായിരുന്നു. ഞാന്‍ ഓരോ സീനിന് ശേഷവും കാരവാനിലേക്ക് പോകും. അങ്ങനെയായിരുന്നു. എന്നിട്ട് ഇവരെല്ലാവരും എനിക്ക് വേണ്ടി വെയ്റ്റ് ചെയ്യും. മരുന്ന് വെച്ച് ഞാന്‍ അന്നത്തെ രാത്രി ഷൂട്ട് തീരുന്നതുവരെ അഡ്ജസ്റ്റ് ചെയ്തു.

രാവിലെയായി സൂര്യനൊക്കെ ഉദിച്ച ഉടനെ ആശുപത്രിയില്‍ പോയി. ഡ്രിപ്പിട്ട് കിടന്നു. എനിക്ക് മാത്രമല്ല പലര്‍ക്കും ഈ അവസ്ഥയായിരുന്നു. റോഷന്‍ ചേട്ടനും വയറിന് പ്രശ്‌നമായിരുന്നു. ഇടക്ക് ഞങ്ങള്‍ കൂട്ടിമുട്ടും. വയറിന് പിടിച്ചുകൊണ്ട് ഞാനിപ്പൊ വരാമെന്ന് ചേട്ടന്‍ പറയും,’ സാനിയ പറഞ്ഞു.

പലതരം ഭക്ഷണങ്ങള്‍ കഴിച്ചു വളര്‍ന്നതുകൊണ്ട് തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലെന്നായിരുന്നു നിവിന്‍ പോളിയും അജു വര്‍ഗീസും ഇതിന് പിന്നാലെ പറഞ്ഞത്.

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍, ഗ്രേസ് ആന്റണി, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സിനിമയുടെ പ്രൊമോഷനില്‍ നിറഞ്ഞുനിന്ന പ്രധാന ഘടകം ഭക്ഷണമായിരുന്നു. വിവിധ ഹോട്ടലുകളും വ്യത്യസ്ത ഭക്ഷണവിഭവങ്ങളുമായി രസകരമായ റീല്‍സുകള്‍ സാറ്റര്‍ഡേ നൈറ്റ് ടീം പുറത്തുവിട്ടിരുന്നു. ട്രെയ്‌ലറും ഭക്ഷണത്തിന് ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന സൂചനകള്‍ നല്‍കുന്നുണ്ട്.

Content Highlight: Aju Varghese about Nivin Pauly and his food habits

We use cookies to give you the best possible experience. Learn more