നീരജല്ലേ കൊറിയോഗ്രാഫര്‍, എന്റെ പട്ടി ചെയ്യും, ആ ആറ്റിറ്റിയൂഡ് അവന്‍ മാറ്റി: അജു വര്‍ഗീസ്
Movie Day
നീരജല്ലേ കൊറിയോഗ്രാഫര്‍, എന്റെ പട്ടി ചെയ്യും, ആ ആറ്റിറ്റിയൂഡ് അവന്‍ മാറ്റി: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 1:49 pm

 

അടുത്തവീട്ടിലെ പയ്യനെപോലെയാണ് മലയാളികള്‍ അജു വര്‍ഗീസിനെ കാണുന്നത്. തുടക്ക കാലത്ത് കോമഡി കഥാപാത്രങ്ങളും നായകന്റെ ചങ്ക് റോളുകളും മാത്രം ചെയ്ത് ഒതുങ്ങിക്കൂടിയ അജു ഇപ്പോള്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ താന്‍ നല്ലൊരു സ്വഭാവ നടന്‍ കൂടിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സുഹൃത്തുക്കളെ പ്രശംസിക്കുന്നതിലും അജു വര്‍ഗീസ് ഒട്ടും പിശുക്ക് കാണിക്കാറില്ല. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്ത് നീരജ് മാധവിനെ പുകഴ്ത്തികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അജു.

വിനീത് ശ്രീനിവാസന്റെ രചനയില്‍ പ്രജിത്ത് കാരണവര്‍ സംവിധാനം ചെയ്തത് 2015 ല്‍ റിലീസായ ചിതമാണ് ‘ഒരു വടക്കന്‍ സെല്‍ഫി.’ നിവിന്‍ പോളി, അജു വര്‍ഗീസ്, നീരജ് മാധവ്, മഞ്ജിമ മോഹന്‍, തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ ‘എന്നെ തല്ലേണ്ടമ്മാവാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്യ്തിരിക്കുന്നത് നീരജ് മാധവ് ആണ്.

ഇപ്പോള്‍ നീരജ് ‘എന്‍.ജെ’ എന്ന വലിയ ബ്രാന്‍ഡ് ആണെന്നും വടക്കന്‍ സെല്‍ഫിയുടെ സമയത്ത് നീരജ് കൊറിയോഗ്രാഫറായി വന്നപ്പോള്‍ താനും നിവിന്‍ പോളിയുമെല്ലാം നീരജായതുകൊണ്ടുതന്നെ റിഹേഴ്‌സലിലൊന്നും പോകില്ലെന്നും അജു പറയുന്നു.

അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കും വലിയ ധാരണയൊന്നുമില്ലായിരുന്നെങ്കിലും മൂന്നാം ദിവസം സ്‌പോട് എഡിറ്റര്‍ വന്ന് എല്ലാം അറേഞ്ച് ചെയ്തപ്പോളാണ് അതുവരെ നീരജ് ചെയ്തുകൊണ്ടിരുന്നതിന്റെ ഭംഗി അറിയുന്നതെന്നാണ് അജു വര്‍ഗീസ് സെറ്റിലെ വിശേഷങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് സംസാരിക്കുന്നത്.

‘നീരജ് നല്ല കൊറിയോഗ്രാഫര്‍ ആണെന്നറിയാം. എന്നെ തല്ലേണ്ടമ്മാവാ എന്ന പാട്ട് നീരജ് കൊറിയോഗ്രാഫി ചെയ്യാമെന്നേറ്റപ്പോള്‍ ഞാനും നിവിനുമൊന്നും റിഹേഴ്‌സലിനു പോകില്ല. എന്തെങ്കിലും വന്നാലും അവന്‍ ഫില്ലുചെയ്യുമല്ലോ. അങ്ങനെ വന്നപ്പോള്‍ നീരജ് ഞങ്ങള്‍ക്ക് ഇണങ്ങുന്ന സ്റ്റെപ്പ് തരാന്‍ തുടങ്ങി. അവന് എന്നെ നന്നായിട്ടറിയാമല്ലോ അപ്പോള്‍ എനിക്ക് പറ്റുന്ന സ്റ്റെപ്പ് തരാന്‍ തുടങ്ങി.

ക്യാമറമാന്‍ ഉള്‍പ്പടെ അവിടെ നിന്ന ആര്‍ക്കും നീരജ് എന്താണ് ചെയ്യുന്നത് എന്ന് മനസിലായില്ല. പിന്നീട് സ്‌പോട് എഡിറ്റര്‍ വന്ന് എല്ലാം ഒന്ന് അറേഞ്ച് ചെയ്തപ്പോഴാണ് നീരജ് എന്ന കൊറിയോഗ്രാഫറിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പ് മനസിലാകുന്നത്.’ അജു വര്‍ഗീസ് പറയുന്നു.

നീരജിന് വലിയ വിലയൊന്നും കൊടുക്കാറില്ലായിരുന്നു, എന്റെ പട്ടി ചെയ്യും, എന്നൊക്കെ ഉള്ള ആറ്റിറ്റിയൂഡ് ആയിരുന്നുവെന്നും അതെല്ലാം അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പ് മനസിലായപ്പോള്‍ മാറിയെന്നും പറഞ്ഞുകൊണ്ടാണ് അജു നീരജിനെ പ്രശംസിക്കുന്നത്.

യൂത്തിന്റെ പള്‍സറിഞ്ഞുവന്ന ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയും അതിലെ എന്നെ തല്ലേണ്ടമ്മാവാ എന്ന ഗാനവും യുവത്വം ആഘോഷമാക്കുകയായിരുന്നു.

Content Highlight: Aju Varghese about Neeraj Madhav