ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷണവുമായി മുന്നേറുകയാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍. 2040കളില്‍ അന്യഗ്രഹജീവികള്‍ കടന്നുവന്ന ഡിസ്റ്റോപിയന്‍ കേരളത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മോക്ക്യുമെന്ററി ഴോണറില്‍ പെടുന്ന ഗഗനചാരി ആദ്യദിനം വളരെ ചുരുക്കം തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റി കാരണം കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചു. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയാണ് ഗഗനചാരി.
ആദ്യ രണ്ട് സിനിമകളും പരാജയപ്പെട്ടിട്ടും അതില്‍ തളരാതെ അടുത്ത സിനിമ ഇത്തരമൊരു തീമില്‍ ചെയ്യാന്‍ തീരുമാനിച്ച സംവിധായകന്‍ അരുണ്‍ ചന്തുവിനെ കണ്ടപ്പോള്‍ തനിക്ക് അയാളോട് ബഹുമാനം തോന്നിയെന്ന് അജു വര്‍ഗീസ് പറഞ്ഞു. അരുണിന്റെ അമ്മ പഠിപ്പിക്കുന്ന സ്‌കൂളില്‍ നടന്ന പരിപാടിയില്‍ താന്‍ ഈ കാര്യം അയാളുടെ നാട്ടുകാരുടെ മുന്നില്‍ പറഞ്ഞുവെന്നും അജു കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യം പറഞ്ഞത്.
‘അരുണിന്റെ ധൈര്യത്തെ സമ്മതിച്ചു കൊടുത്തേ പറ്റൂ. കാരണം, ആദ്യം ചെയ്ത രണ്ട് സിനിമയും വലിയ പരാജയമായിരുന്നു. അതില്‍ ഒരെണ്ണം പ്രൊഡ്യൂസ് ചെയ്തത് ഞാനായിരുന്നു. സ്വാഭാവികമായും മൂന്നാമത്തെ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന തരത്തിലെടുക്കാനായിരിക്കും ഏതൊരു സംവിധായകനും ചിന്തിക്കുന്നത്. പക്ഷേ അരുണ്‍ ഗഗനചാരി ചെയ്യാനാണ് തീരുമാനിച്ചത്.
ഇങ്ങനെയൊരു സബ്ജക്ട് അവന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അവനോട് ബഹുമാനം തോന്നി. കാരണം, ഇതും കൂടി വര്‍ക്കായില്ലെങ്കില്‍ അവന് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് നല്ല ബോധ്യമുണ്ട്. എന്നിട്ടും ആ സബ്ജക്ടിലുള്ള കോണ്‍ഫിഡന്‍സ് അപാരമായിരുന്നു. ഈയടുത്ത് അരുണിന്റെ അമ്മ പഠിപ്പിക്കുന്ന സ്‌കൂളില്‍ ഞാനൊരു പരിപാടിക്ക് പോയി. അവിടെ ഞാന്‍ ഈ കാര്യം പറയുകയും ചെയ്തു,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese about director Arun Chandu