നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.
അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്‌മണ്യന്‍, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് പ്രകാശന്‍ പറക്കട്ടെ.
ചിത്രത്തില്‍ ദിലീഷ് പോത്തന്‍ ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നെന്നും പക്ഷേ ധ്യാന്‍ സമ്മതിച്ചില്ലെന്നും പറയുകയാണ് അജു വര്‍ഗീസ്. പ്രകാശന്‍ പറക്കെട്ട ടീം സിനിമാ ഡാഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അജു ഇക്കാര്യം പറയുന്നത്.
പ്രകാശന്‍ പറക്കട്ടെയില്‍ ദിലീഷേട്ടന്‍ ചെയ്ത റോള്‍ ചെയ്യാമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ പിന്നീട് ദിലീഷേട്ടന്‍ അഭിനയിച്ചു കണ്ടപ്പോള്‍ എന്റേത് ഒരു തെറ്റായ തോന്നലാണെന്ന് മനസിലായി, എന്നായിരുന്നു അജു വര്‍ഗീസ് പറഞ്ഞത്.
ദിലീഷേട്ടന്‍ ചെയ്യുമ്പോള്‍, ‘ഞാന്‍ ചെയ്യേണ്ട റോളാ ഡാ നീ ചെയ്യുന്നത്’ എന്ന് മനസില്‍ തോന്നിയിരുന്നോ എന്ന ധ്യാനിന്റെ ചോദ്യത്തിന് അങ്ങനെ തോന്നിയില്ലെന്നും ഈ സിനിമയിലൂടെ ദിലീഷേട്ടനെ പരിചയപ്പെടാന്‍ പറ്റിയല്ലോ എന്നാണ് ഓര്‍ത്തതെന്നുമായിരുന്നു അജുവിന്റെ മറുപടി.
കാസ്റ്റിങ് ഫിക്‌സ് ആയതുമുതല്‍ ദിലീഷേട്ടനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തെ നേരത്തെ എവിടുന്നൊക്കെയോ കണ്ടിട്ടുണ്ട്. ഹായ്-ബൈ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പരിചയപ്പെടാനുള്ള അവസരം വന്നത് ഈ സിനിമയിലൂടെയാണ്, അജു പറഞ്ഞു.
‘ഞാനായിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നായേനെ എന്ന് ദിലീഷേട്ടന്റെ അഭിനയം കണ്ടപ്പോള്‍ തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും നീ അന്ന് എന്നെ കട്ട് ചെയ്ത് വിട്ടത് നന്നായെന്നാണ് തോന്നിയത് എന്നുമായിരുന്നു അജു വര്‍ഗീസിന്റെ മറുപടി.
ഞാന്‍ ആ റോള്‍ ചെയ്യേണ്ട എന്ന് ധ്യാന്‍ പറഞ്ഞിട്ടും ഞാന്‍ പ്രൊഡ്യൂസറായ വിശാഖിനെ വിളിച്ചിട്ട് ഞാന്‍ അത് ചെയ്‌തോളാം എന്ന് പറഞ്ഞിരുന്നു. ദിലീഷേട്ടനാണെങ്കില്‍ ഭയങ്കര തിരക്കാണ് കാശും കൂടുതലാണ്. എനിക്കാണെങ്കില്‍ കാശ് തരണ്ട എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ ആരും സപ്പോര്‍ട്ട് ചെയ്തില്ല. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം(ചിരി), അജു വര്‍ഗീസ് പറഞ്ഞു.
ഇത്തരം തോന്നലുകളെ എങ്ങനെയാണ് മറികടക്കുന്നത് എന്ന ധ്യാനിന്റെ ചോദ്യത്തിന് ‘ഈ സിനിമയുടെ കഥ എന്നോട് പറയുമ്പോള്‍ പ്രകാശനായിട്ട് ഞാന്‍ എന്നെ കണ്ടു. അതില്‍ നിന്നും എന്ത് മനസിലാക്കാം എന്റെ തോന്നലുകളെല്ലാം അബദ്ധമാണെന്ന്. അതുകൊണ്ട് തന്നെ ഇത്തരം തോന്നലുകളുടെ പിറകെ ഞാന്‍ പോകാറില്ല. മറ്റുള്ളവര്‍ വിളിച്ച പടത്തിലാണ് ഞാന്‍ കൂടുതലായും പോയിട്ടുള്ളത്. ചിലത് ശരിയാകും ചിലത് ശരിയാവില്ല. അതേ ഉള്ളൂ’ എന്നായിരുന്നു അജുവിന്റെ മറുപടി.
ദിലീഷേട്ടന്‍ അഭിനയിച്ചു കാണിച്ചപ്പോള്‍ ഒരു ആക്ടര്‍ എത്രമാത്രം ആ കഥാപാത്രത്തിലേക്ക് ഇണങ്ങണം എന്ന് എനിക്ക് മനസിലായി. പിന്നെ മാത്യു അവതരിപ്പിച്ച വേഷം, മനസുകൊണ്ട് ഞാന്‍ അത് ആഗ്രഹിച്ചിരുന്നു കുഞ്ഞേ (ചിരി).
ചെയ്തതു തന്നെ ചെയ്തുകൊണ്ടിരുന്നാല്‍ അധികം നാള്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് എനിക്ക് മനസിലായിയിരുന്നു. ലോകത്തിനും അത് മനസിലായെന്ന് വേണം കരുതാന്‍. കാരണം കൊറോണ വന്നു. അങ്ങനെ ലോക്ഡൗണ്‍ വന്നു. പ്രായമുള്ള വേഷം പിടിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് ഈ സിനിമ വരുന്നത്. അങ്ങനെയുള്ള ധൈര്യത്തിന്റെ പുറത്താണ് ചോദിച്ചത്. പക്ഷേ ധ്യാന്‍ തന്നില്ല. പക്ഷേ ഈ സിനിമയില്‍ ഞാന്‍ രണ്ട് സീന്‍ അഭിനയിച്ചു. അത് നല്ല സീനാണ്, അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese about Dileesh pothen Character on Prakashan Parakkatte Movie