| Wednesday, 21st June 2023, 6:13 pm

ബോഡി ഷെയ്മിങ് തെറ്റാണെന്ന് അറിഞ്ഞത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്; വീട്ടിലെത്തുമ്പോള്‍ പഴയ നമ്മളാകും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോഡി ഷെയ്മിങ് തെറ്റാണെന്ന് അറിഞ്ഞിട്ട് രണ്ട് വര്‍ഷമേയാകുന്നുള്ളൂവെന്ന് പറയുകയാണ് അജു വര്‍ഗീസ്. താനിപ്പോള്‍ നില്‍ക്കുന്നത് പുതിയ തലമുറയുമല്ല, പഴയതുമല്ലെന്ന അവസ്ഥയിലാണെന്ന് അജു പറഞ്ഞു. വീട്ടിലുള്ളവര്‍ പഴയ തലമുറക്കാരാണെന്നും അവരോട് എന്ത് പൊളിറ്റിക്കല്‍ കറക്ടനസ് പറയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ സീരീസായ കേരള ക്രൈം ഫയല്‍സിന്റെ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ നിലനില്‍ക്കുന്നത് ഒരു പ്രത്യേക ജനറേഷനിലാണ്. നാല്‍പതുകളിലേക്ക് കടക്കുന്നവര്‍, ന്യൂജനും അല്ല, പഴയ തലമുറയുമല്ല. വീട്ടില്‍ ഞങ്ങള്‍ അനുഭവിക്കുന്നത് വല്ലാത്തൊരവസ്ഥയാണ്.

വീട്ടില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്നത് പഴയ തലമുറയെയാണ്. അവര്‍ക്ക് എന്ത് പൊളിറ്റിക്കല്‍ കറക്ടനസ്, പുറത്തെ മാറ്റം നമ്മള്‍ മനസിലാക്കുന്നുണ്ട്. നമ്മള്‍ അതിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വീട്ടിലെ അച്ഛന്റെയും അമ്മയുടെയുമടുത്ത് പൊളിറ്റിക്കലി കറക്ടല്ലാത്ത പഴയ നമ്മളായിരിക്കും.

വീട് തുറന്ന് പുറത്തിറങ്ങി കഴിഞ്ഞാല്‍ നമ്മള്‍ പുതിയ തലമുറയെയാണ് കാണുന്നത്. അവിടെ നമ്മള്‍ അഭിനയിച്ച് തുടങ്ങുകയാണ്. പഠിക്കുകയാണ്. ബോഡി ഷെയ്മിങ് തെറ്റാണെന്ന് ഞാന്‍ അറിഞ്ഞിട്ട് രണ്ട് വര്‍ഷമേ ആകുന്നുള്ളൂ.

ചെറുപ്പം തൊട്ടേ ഉയരത്തെ കളിയാക്കാറുണ്ട്, അതൊന്നും എന്നെ അലട്ടിയിട്ടില്ല. അതെനിക്ക് ഒരു വിഷയമായിട്ട് തോന്നിയിട്ടില്ല. എന്നെ കളിയാക്കിയ സുഹൃത്തുക്കളുണ്ട്. നമ്മളതിനെ തമാശയായിട്ടേ കണ്ടുള്ളൂ. പക്ഷേ അത് തെറ്റായി മാറിയൊരു കാലഘട്ടത്തില്‍ ഞാനത് ചെയ്യണമെന്ന് ഒരിക്കലും പറയുന്നത് ശരിയല്ല.

പക്ഷേ എനിക്ക് എന്റെ കാര്യം തീരുമാനിക്കാലോ. എനിക്ക് കുഴപ്പമില്ല. പക്ഷേ അതുകൊണ്ട് മാനസികമായി ഭൂരിപക്ഷത്തിന് അത് ബാധിക്കപ്പെടുന്നുണ്ട്. കുറച്ചൊക്കെ ഫൈറ്റ് ചെയ്താലല്ലേ ഞങ്ങള്‍ സ്‌ട്രോങ്ങാകുള്ളൂ,’ അജു വര്‍ഗീസ് പറഞ്ഞു.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ പോട്ട് പുല്ലെന്ന് ആറ്റിറ്റിയൂഡ് സ്വയമുണ്ടാക്കണമെന്നും താരം പറഞ്ഞു.

‘ഇപ്പോള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ പുറത്ത് ജീവിതം ഒട്ടും സുന്ദരമല്ലെന്ന് ഞാന്‍ പറയും. നന്മമരങ്ങളൊന്നുമില്ല. ഒരവസരം കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ വികാരങ്ങളോ സന്തോഷമോ ഒന്നും നോക്കി ആരും നില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

അവിടെ പോയി ഒരു ആട്ടമാടുകയാണ് നമ്മള്‍. ഇതൊക്കെ കേട്ടാല്‍ പോട്ട് പുല്ലെന്ന് തോന്നുന്ന ആറ്റിറ്റിയൂഡ് സ്വയമുണ്ടാക്കണം. അല്ലാതെ അപ്പുറത്ത് നില്‍ക്കുന്നവന്‍ നമ്മളെ ബോഡി ഷെയ്മിങ് ചെയ്യുകയാണെന്ന് പൊളിറ്റിക്കലി കറക്ടായി ചിന്തിക്കുന്നൊരു ലോകം പുറത്തില്ല.

പക്ഷേ ഇന്നത്തെ തലമുറയോട് എനിക്ക് തോന്നുന്ന പ്ലസ് അവരുടെ മൂവ്‌മെന്റ് നല്ല രീതിയില്‍ പോപ്പുലറാകുന്നുണ്ടെന്നതാണ്. ഒരു അഞ്ച്-പത്ത് വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ നാട് ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറും,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS: AJU VARGHESE ABOUT BODY SHAMING

Latest Stories

We use cookies to give you the best possible experience. Learn more