| Monday, 28th September 2020, 1:28 pm

രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസ് ചെയ്യുന്ന ലോകത്തെ ആദ്യ പുതുമുഖ സംവിധായകനാണോ കുഞ്ഞേ നീയെന്ന് അജു; ഹൃദയം തൊടുന്ന കുറിപ്പുമായി അരുണ്‍ ചന്തുവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജു വര്‍ഗീസിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ അരുണ്‍ ചന്തുവിന്റെ ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന മറ്റൊരു ചിത്രം കൂടി റിലീസിന് തയ്യാറായി നില്‍പ്പുണ്ട്.

ഒരു പുതുമ സംവിധായകന്‍ രണ്ട് ചിത്രങ്ങള്‍ ഒരേ സമയം റിലീസിന് ഇറക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന ഒരു സംഗതി തന്നെയാണ്. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം മറ്റൊന്നാണ്.

‘സായഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രമാണ് അരുണ്‍ ചന്തു ആദ്യമായി സംവിധാനം ചെയ്തത്.എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അരുണിന് ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് അജുവിനെ നായകനാക്കി ‘സാജന്‍ ബേക്കറി’ ഒരുക്കുന്നത്.

ഒടുവില്‍ ഒരേ സമയം രണ്ട് ചിത്രങ്ങളും ഒരുമിച്ച് റിലീസ് ചെയ്യാന്‍ അരുണ്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയായിരുന്നു അരുണിനെ കളിയാക്കി കഴിഞ്ഞ ദിവസം അജു വര്‍ഗീസ് തമാശ രൂപേണ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

രണ്ട് സിനിമകള്‍ ഒരുമിച്ചു റിലീസിന് നില്‍ക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകന്‍ നീയാണോ കുഞ്ഞേ ? എന്നായിരുന്നു അജുവിന്റെ ചോദ്യം. സമാനമായ ചോദ്യങ്ങള്‍ തുടരെ വന്നതുകൊണ്ടാവാം വിഷയത്തില്‍ ഒരു വിശദീകരണം അരുണ്‍ തന്നെ നല്‍കി.

രണ്ട് സിനിമയും ഒരുമിച്ച റിലീസ് ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പായിരുന്നു സായാഹ്ന വാര്‍ത്തകള്‍ എന്നും അരുണ്‍ പറയുന്നു.

ഈ പ്രപഞ്ചത്തിന് ചിലപ്പോള്‍ ക്രൂരമായ ഒരു നര്‍മ്മബോധമുണ്ട്, അത്തരത്തില്‍ എന്റെ സിനിമയും അതിന്റെ വിശാലമായ തമാശകളിലൊന്നായിരുന്നു. എന്നാല്‍ അതിന് മുന്നില്‍ കീഴടങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്റെ രണ്ട് സിനിമകള്‍ ഒരേ സമയം റിലീസ് ചെയ്യുന്ന ഒരു ദിവസം എനിക്ക് കാണാനാകുമായിരുന്നില്ല.

നവാഗതനായ ഒരാള്‍ക്കും ഇതുപോലൊരു അവസരം ലഭിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണെന്ന് പറയാം. സായാഹ്ന വാര്‍ത്തകളും സാജന്‍ ബേക്കറിയും ഒരുമിച്ച് പുറത്തിറക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ എന്താണ് നിര്‍മ്മിച്ചതെന്ന് നിങ്ങളെ കാണിക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല! എന്നായിരുന്നു അരുണ്‍ ചന്തു ഫേസ്ബുക്കില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aju Varghese about Arun Chanthu debut movies

We use cookies to give you the best possible experience. Learn more