| Thursday, 22nd June 2023, 4:30 pm

സാറ്റര്‍ഡേ നൈറ്റ് നിരാശയുണ്ടാക്കിയില്ല, പരാജയങ്ങള്‍ ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ നിരാശയില്ലെന്ന് നടന്‍ അജു വര്‍ഗീസ്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാലാവാം ചിത്രം വിമര്‍ശിക്കപ്പെട്ടതെന്നും എന്നാല്‍ അത് മുന്നോട്ട് പോകാന്‍ സഹായിക്കുമെന്നും അജു വര്‍ഗീസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

‘നിരാശയില്ല, ‘സാറ്റര്‍ഡേ നൈറ്റ്’ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് കൊണ്ടായിക്കാം വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടത്. ഇനി മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാനും കഠിനാധ്വാനം ചെയ്യാനും ഈ വിമര്‍ശനങ്ങള്‍ സഹായിക്കുമെന്ന് കരുതുന്നു.

വിജയങ്ങളുണ്ടാകുമ്പോള്‍ എന്റെ ഉത്തരവാദിത്തം നന്നായി നിറവേറ്റി എന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. പക്ഷേ, മതിമറന്ന് ആഹ്‌ളാദിക്കാറില്ല. പരാജയങ്ങള്‍ എന്നെ വല്ലാതെ ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കൊവിഡ് കാലഘട്ടം അതിനൊരു മാറ്റമുണ്ടാക്കി. ജീവിതം വരെ നിന്നുപോയ സാഹചര്യമായിരുന്നല്ലോ അത്. അന്നത്തെ അനിശ്ചിതാവസ്ഥ വളരെ വിഷമം പിടിച്ചതായിരുന്നുവെങ്കിലും ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു.

ജോലിയിലെ ചില ചെറിയ പരാജയങ്ങള്‍ ഒന്നുമല്ല, മനുഷ്യന് അതിന് മുകളില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. ഇടയ്ക്കിടെ ചെറിയ തോല്‍വികള്‍ ഉണ്ടാകുന്നത് നല്ലതാണ്. സ്വയം തിരുത്തി മുന്നോട്ട് പോകാന്‍ അത് സഹായിക്കും. പരാജയങ്ങളെ സ്വീകരിക്കാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. അതുപോലെ ക്രിയാത്മകമായി ആര് വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളാനും മാറ്റം വരുത്താന്‍ ശ്രമിക്കാനും സാധിക്കുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ അതെന്റെ വളര്‍ച്ചയായി ഞാന്‍ കരുതുന്നു.

ഞാന്‍ ഒരു ആവറേജ് നടനാണ്. വലിയ കഴിവുണ്ടെന്നൊന്നും കരുതുന്നില്ല. ആക്ടറെന്ന് പറയാന്‍ യോഗ്യത ഇല്ലാത്ത വ്യക്തിയായിട്ടേ ഞാന്‍ എന്നെ കാണാറുള്ളൂ. സംവിധായകന്റെ കയ്യിലാണ് പൂര്‍ണമായും എന്റെ കടിഞ്ഞാണ്‍. ഞാന്‍ ആഗ്രഹിക്കുന്നത് കഴിവുള്ള പഴയതും പുതിയതുമായ തലമുറയില്‍പ്പെട്ട സംവിധായകരുമായി പ്രവര്‍ത്തിക്കാനാണ്. പറ്റുന്നത്രയും പുതുമയാര്‍ന്ന സിനിമകള്‍ ചെയ്യുക, കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മുഴുനീളവേഷം ചെയ്യണമൊന്നൊന്നുമില്ല. വെറും രണ്ടു മിനിറ്റാണെങ്കില്‍ കൂടി ആ കഥാപാത്രത്തിന് സിനിമയില്‍ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ അതുമതി,’ അജു വര്‍ഗീസ് പറഞ്ഞു.

അജു വര്‍ഗീസിന്റെ കേരള ക്രൈം ഫയല്‍സ് എന്ന വെബ്ബ് സീരിസ് റിലീസിനൊരുങ്ങുകയാണ്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന സീരിസ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ജൂണ്‍ 23നാണ് റിലീസ് ചെയ്യുന്നത്. അജു വര്‍ഗീസും ലാലുമാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: aju varghes about the criticism against saturday night

We use cookies to give you the best possible experience. Learn more