| Sunday, 25th February 2024, 8:25 pm

മലയാളത്തിന്റെ നവാസുദ്ദിന്‍ സിദ്ദിഖി എന്നാണ് ഞാന്‍ ആ നടനെ വിളിക്കുന്നത്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് അജു വര്‍ഗീസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. കോമഡി റോളുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അജു വര്‍ഗീസ് 2019ല്‍ റിലീസായ കമല എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹെലന്‍ എന്ന സിനിമയിലൂടെ വില്ലന്‍ വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു.

ടി.വി. രഞ്ജിത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഇപ്പോഴത്തെ നടന്മാരില്‍ ഏത് ഭാവവും മുഖത്ത് കൊണ്ടുവരാന്‍ കഴിവുള്ള നടന്മാരെ ഇഷ്ടമാണെന്ന വെളിപ്പെടുത്തി. പുതിയ നടന്മാരില്‍ രാജേഷ് മാധവന്‍ അങ്ങനെയുള്ള ഒരു ആക്ടറാണെന്നും താരം വെളിപ്പെടുത്തി.

‘ഒരേ സമയം ക്യൂട്ട് ആയി തോന്നുകയും അത് കുറച്ചൊന്ന് മാറ്റിപ്പിടിച്ചാല്‍ വേറെ ഭാവം മുഖത്ത് കൊണ്ടുവരാന്‍ പറ്റുന്നതും വല്ലാത്ത കഴിവാണ്. പുതിയ നടന്മാരില്‍ രാജേഷ് മാധവന്‍ അങ്ങനെയുള്ള ഒരു നടനാണ്. മലയാളത്തിന്റെ നവാസുദ്ദിന്‍ സിദ്ദിഖി എന്നാണ് ഞാന്‍ അയാളെ വിളിക്കുന്നത്. രാജേഷിന്റെ കൂടെ രണ്ട് സിനിമയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മിന്നല്‍ മുരളിയും, അത് കഴിഞ്ഞ് മിഥുന്‍ മാനുവലിന്റെ അര്‍ദ്ധരാത്രിയിലെ കുടയിലും. അയാളുടെ ബാക്കി സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകളില്‍ മികച്ച പെര്‍ഫോമന്‍സാണ് രാജേഷിന്റേത്. ആത്യന്തികമായി മുഖത്ത് ഭാവങ്ങള്‍ വരുന്നതാണല്ലോ പ്രധാനം. അതൊരു ഗിഫ്റ്റ് തന്നെയാണ്,’ അജു പറഞ്ഞു.

സുബീഷ് സുധി, ഷെല്ലി, ഗൗരി ജി കിഷന്‍, വിനീത് വാസുദേവ്, ഗോകുലന്‍ എന്നിവരാണ് ഭാരത സര്‍ക്കാര്‍ ഉത്പന്നത്തിലെ പ്രധാന താരങ്ങള്‍. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.വി. കൃഷ്ണന്‍ തുരുത്തി, രഞ്ജിത് ജഗന്നാഥന്‍, കെ.സി. രഘുനാഥ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍സാര്‍ ഷാ ഛായാഗ്രഹണവും, അജ്മല്‍ ഹസ്ബുള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Aju Vargheese saying that he call one actor as Nawasuddin Siddiqui of Malayalam cinema

We use cookies to give you the best possible experience. Learn more