സിനിമയുടെ കഥ കേള്‍ക്കുക എനിക്ക് പറ്റിയ പണിയല്ല, ഉറങ്ങിപ്പോകും; ഉറങ്ങിയത് കാരണം വെള്ളിമൂങ്ങയുടെ കഥ പോലും കേട്ടിട്ടില്ല: അജു വർഗീസ്
Film News
സിനിമയുടെ കഥ കേള്‍ക്കുക എനിക്ക് പറ്റിയ പണിയല്ല, ഉറങ്ങിപ്പോകും; ഉറങ്ങിയത് കാരണം വെള്ളിമൂങ്ങയുടെ കഥ പോലും കേട്ടിട്ടില്ല: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd February 2024, 1:22 pm

സുബീഷ് സുധി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’. ചിത്രത്തിൽ അജു വർഗീസും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ സുബീഷ് തന്നോട് പറയാൻ വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അജു. ഈ സിനിമയുടെ കഥ കേൾക്കാൻ താൻ നിർബന്ധിതനായെന്നും പൊതുവെ സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ താൻ ഉറങ്ങിപോകുമെന്നും അജു പറഞ്ഞു. വെള്ളി മൂങ്ങ സിനിമയുടെ കഥ തന്നോട് പറയുമ്പോൾ ഉറങ്ങി പോയിട്ടുണ്ടെന്നും അജു കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഈ സിനിമയുടെ കഥ ഞാൻ കേൾക്കണമെന്ന് നിർബന്ധമായി. സിനിമയുടെ കഥ കേട്ട് കഴിഞ്ഞാൽ ഞാൻ ഉറങ്ങിപ്പോകും. എനിക്ക് കഥ കേൾക്കുന്നത് നല്ല പ്രശ്നമാണ്. വെള്ളിമൂങ്ങ സിനിമയുടെ കഥ പറയുമ്പോൾ ഞാൻ ഉറങ്ങി പോയിട്ടുണ്ട്. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്ന് ഞാൻ സുബീഷ് ഏട്ടനോട് പറഞ്ഞു.

 

മുഴുവൻ സിനിമ ഒരു നടന്റെ ഉത്തരവാദിത്തമല്ല. അത് സംവിധായകന്റെയും പ്രൊഡ്യൂസറിന്റെയും തിരക്കഥാകൃത്തിന്റെതുമാണ്. അവരാണ് സിനിമ ഉണ്ടാക്കുന്നത്. ഞങ്ങൾ അവരുടെ ടൂൾസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉദാഹരണത്തിന് സാമ്പാറിൽ മുരിങ്ങക്ക വേവാതിരുന്നിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സാമ്പാർ ഉണ്ടാക്കിയ ആളുടെ പ്രശ്നമാണ് എന്നേ പറയു, മുരിങ്ങക്കായുടെ അല്ല.

മുഴുവൻ തിരക്കഥ എന്റെ ഉത്തരവാദിത്തവും ബാധ്യതയും അല്ല. നമ്മുടെ സീൻ എത്ര ടേക് വേണമെങ്കിലും പൊക്കോട്ടെ, വേണ്ട അത്രയും പ്രാവശ്യം എടുക്കാം. എനിക്കും തൃപ്തിയാകുന്ന ഒന്നോ രണ്ടോ വേണമെങ്കിൽ എടുക്കാം. കാരണം അത് ഞാൻ ചെയ്യണം. എന്നിട്ട് എഡിറ്റിങ് ടേബിളിൽ എത്തിക്കും, അവർ തീരുമാനം എടുക്കും. അതാണ് എന്റെ ആശയം.

സുബീഷ് ചേട്ടൻ എന്നോട് നിർബന്ധമായും കേൾക്കണം എന്ന് പറഞ്ഞു. കഥ കേൾക്കാനുള്ള ശല്യം സഹിക്കവയ്യാതെ വാ എന്ന് പറഞ്ഞു. സ്ഥിരമായിട്ട് ബന്ധം പുലർത്തിയിട്ടില്ലെങ്കിലും എനിക്ക് വിശ്വാസമുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് സുബീഷേട്ടൻ. കഥ കേട്ടപ്പോൾ മികച്ച ആശയമാണ് ഇവർ പറയുന്നത് എന്നെനിക്ക് മനസിലായി. അപ്പോൾ എന്റെ ആക്ടർ കൊതിക്കാൻ തുടങ്ങി. പേഴ്സണൽ ബന്ധത്തിൽ നിന്നും മാറി അത് സിനിമയുടേതായി മാറി,’ അജു വർഗീസ് പറഞ്ഞു.

Content Highlight: Aju varghees about his sleep while listen a story