| Wednesday, 21st February 2024, 3:44 pm

ആ സിനിമ ഓടാതിരുന്നപ്പോഴാണ് ധ്യാൻ 'പോട്ടെ പുല്ല്' എന്ന ആറ്റിറ്റ്യൂഡ് എടുത്തത്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവ താരനിരകളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാനിന് പുറമെ അജു വർഗീസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ധ്യാൻ ശ്രീനിവാസന്റെ നടന വിസ്മയത്തെക്കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്.

ധ്യാൻ എന്ന നടന്റെ ആദ്യ നാല് സിനിമ വളരെ വ്യത്യസ്തമായി തുടങ്ങിയ ആക്ടർ ആണെന്ന് അജു പറഞ്ഞു. തിര, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖമെല്ലാം നിർമാതാവിന് ലാഭമുണ്ടാക്കിയ സിനിമകളാണെന്നും അജു കൂട്ടിച്ചേർത്തു. എന്നാൽ ഗൂഢാലോചന മോശമായപ്പോൾ ധ്യാനിന് ആ താത്പര്യം പോയെന്നും കഷ്ടപ്പെട്ട് ഓടാതിരുന്നപ്പോൾ പോട്ടെ പുല്ല് എന്ന ആറ്റിറ്റ്യൂഡ് എടുത്തതായിരിക്കുമെന്നും അജു പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ധ്യാൻ അതിൽ മികച്ച നടനം കാഴ്ചവച്ചിട്ടുണ്ട്. ധ്യാൻ എന്ന നടന്റെ അഭിനയം ഈ സിനിമയിൽ കാണാൻ കഴിയും. അദ്ദേഹത്തിന്റെ ആദ്യ നാല് സിനിമയും വളരെ വ്യത്യസ്തമായി തുടങ്ങിയ ആക്ടർ ആണ്. തിര പോലെയല്ല കുഞ്ഞിരാമായണം, അതുപോലെയല്ല അടി കപ്യാരെ കൂട്ടമണി, അതുപോലെയല്ല ഒരേ മുഖം. ഈ നാല് സിനിമയും ബോക്സ് ഓഫീസിൽ പ്രൊഡ്യൂസർക്ക് ലാഭം ഉണ്ടാക്കിയ സിനിമകളാണ്.

പിന്നെ ഗൂഢാലോചന മോശമായപ്പോൾ പുള്ളിക്ക് ആ താത്പര്യം പോയി. കഷ്ടപ്പെട്ടിട്ട് ഒരു സിനിമ ഓടാതിരുന്നപ്പോൾ, റിവേഴ്സ് റെസ്പോൺസ് വന്നപ്പോൾ എന്നാൽ പോട്ടെ പുല്ല് എന്ന ആറ്റിറ്റ്യൂഡ് എടുത്തതായിരിക്കും. പിന്നെ കൊവിഡ് വന്നു, അന്ന് കമ്മിറ്റ് ചെയ്ത സിനിമകളൊക്കെയാണ് ഇപ്പോൾ ചെയ്യുന്നത്. ആ കഴിവിനെ കൃത്യമായിട്ട് വിനീത് ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധ്യാനിന്റെയും ഗുരുവാണല്ലോ വിനീത്. ആദ്യമായിട്ട് അവനെ കാസ്റ്റ് ചെയ്തത് വിനീതാണ്. അത് വളരെ സന്തോഷം നൽകുന്നു,’ അജു വർഗീസ് പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം സിനിമയിൽ അജുവിന് പുറമെ കല്യാണി പ്രിയദർശൻ, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

Content Highlight: Aju varghees about dhyan sreenivasan

We use cookies to give you the best possible experience. Learn more