സംവിധായകനാകണമെന്ന മോഹം ഉപേക്ഷിച്ചെന്ന് നടന്‍ അജുവര്‍ഗീസ്. സംവിധായകന്റേത് ഏറെ ഡെഡിക്കേഷനും ക്ഷമയും വേണ്ട ജോലിയാണ്. അതുതനിക്കില്ലെന്നു കണ്ടാണ് ആ മോഹം ഉപേക്ഷിച്ചതെന്നും അജു വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അജു ഇതു പറയുന്നത്.
“ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ സഹസംവിധായകനായുള്ള അരങ്ങേറ്റത്തോടെ തന്നെ സംവിധാനമോഹം വിട്ടിരുന്നു. സംവിധായകന്‍രേത് അത്രയും മെനക്കേടും ഡെഡിക്കേഷനും വേണ്ട ജോലിയാണ്. ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതിലും എത്രയോ എളുപ്പമാണ് അഭിനയം.” അദ്ദേഹം പറഞ്ഞു.
പക്ഷെ സംവിധായകന്റെ ഭാഗത്തുനിന്നുകൂടി ചിന്തിക്കാനുള്ള അവസരം ആ ചിത്രത്തിലൂടെ ലഭിച്ചെന്നും അജു ഒരു സംഭവം എടുത്തു പറഞ്ഞുകൊണ്ട് പറയുന്നു. “പണ്ട് ഷോട്ട് റെഡിയായി എന്നു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നുപറയുമ്പോള്‍ “ഒരു അഞ്ച് മിനിറ്റേ” എന്നു പറയുന്ന ആളായിരുന്നു ഞാന്‍.
ജേക്കബിന്റെ സെറ്റില്‍വെച്ച് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായി. ഷോട്ട് എടുക്കാറാകുമ്പോള്‍ നിവിനോട് ചെന്നുപറയും, “അളിയാ ഷോട്ട് റെഡി” പക്ഷേ, നിവിന്‍ “ദാ വരുന്നെടാ” എന്നു പറഞ്ഞ് ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ. പിടിച്ചാല്‍ കിട്ടില്ല.” അജു പറഞ്ഞു.