| Monday, 12th August 2024, 10:39 am

മലൈക്കോട്ടൈ വാലിബനും ഭ്രമയുഗവുമെല്ലാം അവർക്ക് കൾട്ട് ക്ലാസിക്കാണ്: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടനടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ്ബിലൂടെ തന്റെ കരിയർ തുടങ്ങിയ അജു ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനാണ്.

പ്രഭുദേവയോടെയൊപ്പം അഭിനയിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് അജു. ചിത്രത്തിലേക്ക് തനിക്ക് അവസരം കിട്ടിയതിനെ കുറിച്ച് പറയുകയാണ് അജു വർഗീസ്.

കൊവിഡിന് ശേഷം മറ്റുഭാഷയിലുള്ളവർ കൂടുതലായി മലയാള സിനിമ കാണാൻ തുടങ്ങിയെന്നും. ഇപ്പോൾ കൂടുതൽ ആളുകൾക്ക് തന്നെ മനസിലാവുന്നുണ്ടെന്നും അജു പറഞ്ഞു.

വടക്കൻ സെൽഫി എന്ന ചിത്രം കണ്ടിഷ്ടപ്പെട്ടിട്ടാണ് മൂൺ വാക്കിന്റെ സംവിധായകൻ തന്നെ വിളിക്കുന്നതെന്നും മലൈക്കോട്ടൈ വാലിബനും ഭ്രമയുഗവുമെല്ലാം ഒരു കൾട്ട് ക്ലാസിക്കായാണ് അവർ കാണുന്നതെന്നും അജു വർഗീസ് മീഡിയ വണ്ണിനോട് പറഞ്ഞു.

‘അതിന്റെ സംവിധായകൻ വടക്കൻ സെൽഫി കണ്ടിട്ടുണ്ട്. അത് പുള്ളിക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ സിനിമ കാരണമാണ് എനിക്ക് അവസരം കിട്ടിയത്. അവർ മലയാള സിനിമകൾ കാണാൻ തുടങ്ങി. അതിന് മുന്നേ ഞാൻ ചെന്ന് ഇവിടുത്തെ നടനാണെന്ന് പറഞ്ഞാൽ അവർക്ക് അറിയില്ലല്ലോ.

മലയാള സിനിമയ്ക്ക് മറ്റ് ഭാഷയിൽ കിട്ടുന്ന സ്വീകാര്യത കരണമാണത്. വളരെ ബഹുമാനത്തോടെയാണ് അവർ മലയാള സിനിമയെ കാണുന്നത്. എൺപതുകളിലും തൊണ്ണൂറിലുമെല്ലാം അതുണ്ടായിരുന്നു.

പിന്നെ ഇടയ്ക്ക് വെച്ച് അത് നഷ്ടപ്പെട്ടു. ഇപ്പോൾ വീണ്ടും കൊവിഡിന് ശേഷമുള്ള സമയത്ത് ദുൽഖർ,ഫഹദ്, ടൊവിനോ, പിന്നെ പ്രേമത്തിലൂടെ നിവിനെല്ലാം എടുത്ത എഫേർട്ടാണ് മലയാള സിനിമയെ വീണ്ടും ഉയർത്തിയത്.

അതുപോലെ നമ്മുടെ ബിഗ് സ്റ്റാറുകൾ ആണെങ്കിലും ചെയ്യന്ന സിനിമകൾ വ്യത്യസ്തമാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബനൊക്കെ ഇവിടെ വിമർശനം നേരിട്ടെങ്കിലും അതിനെയും മമ്മൂക്കയുടെ ഭ്രമയുഗത്തെയുമെല്ലാം കൾട്ട് ക്ലാസിക്കായാണ് അവർ കാണുന്നത്. അതൊക്കെ നമ്മുടെ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയുടെ ഭാഗമാണ്,’അജു വർഗീസ് പറയുന്നു.

Content Highlight: Aju Vargese Talk About Malaikotte Valiban And Bramayugam

Latest Stories

We use cookies to give you the best possible experience. Learn more