വടക്കൻ സെൽഫി കാരണമാണ് ആ തമിഴ് ചിത്രത്തിൽ എനിക്ക് അവസരം ലഭിച്ചത്: അജു വർഗീസ്
Entertainment
വടക്കൻ സെൽഫി കാരണമാണ് ആ തമിഴ് ചിത്രത്തിൽ എനിക്ക് അവസരം ലഭിച്ചത്: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 1:43 pm

മലയാളികളുടെ ഇഷ്ട നടനാണ് അജു വർഗീസ്. കോമഡി വേഷങ്ങളിലൂടെ തന്റെ കരിയർ തുടങ്ങിയ അജു ഇന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്ന ഒരു നടൻ കൂടിയാണ്.

പ്രഭുദേവയോടെയൊപ്പം അഭിനയിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് അജു വർഗീസ്. മനോജ് എൻ. എസാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിലേക്ക് തനിക്ക് അവസരം കിട്ടിയതിനെ കുറിച്ച് പറയുകയാണ് അജു വർഗീസ്.

താൻ അഭിനയിച്ച വടക്കൻ സെൽഫി എന്ന ചിത്രം കണ്ടിട്ടാണ് സംവിധായകൻ തന്നെ ഈ ചിത്രത്തിലേക്ക് വിളിക്കുന്നതെന്നും കൊവിഡിന് ശേഷം മറ്റുഭാഷയിലുള്ളവർ കൂടുതലായി മലയാള സിനിമ കാണാൻ തുടങ്ങിയെന്നും അജു പറയുന്നു. ഇപ്പോൾ കൂടുതൽ ആളുകൾക്ക് തന്നെ മനസിലാവുന്നുണ്ടെന്നും അജു കൂട്ടിച്ചേർത്തു. മീഡിയ വണ്ണിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതിന്റെ സംവിധായകൻ വടക്കൻ സെൽഫി കണ്ടിട്ടുണ്ട്. അത് പുള്ളിക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ സിനിമ കാരണമാണ് എനിക്ക് അവസരം കിട്ടിയത്. അവർ മലയാള സിനിമകൾ കാണാൻ തുടങ്ങി. അതിന് മുന്നേ ഞാൻ ചെന്ന് ഇവിടുത്തെ നടനാണെന്ന് പറഞ്ഞാൽ അവർക്ക് അറിയില്ലല്ലോ.

മലയാള സിനിമയ്ക്ക് മറ്റ് ഭാഷയിൽ കിട്ടുന്ന സ്വീകാര്യത കരണമാണത്. വളരെ ബഹുമാനത്തോടെയാണ് അവർ മലയാള സിനിമയെ കാണുന്നത്. എൺപതുകളിലും തൊണ്ണൂറിലുമെല്ലാം അതുണ്ടായിരുന്നു.

പിന്നെ ഇടയ്ക്ക് വെച്ച് അത് നഷ്ടപ്പെട്ടു. ഇപ്പോൾ വീണ്ടും കൊവിഡിന് ശേഷമുള്ള സമയത്ത് ദുൽഖർ,ഫഹദ്, ടൊവിനോ, പിന്നെ പ്രേമത്തിലൂടെ നിവിനെല്ലാം എടുത്ത എഫേർട്ടാണ് മലയാള സിനിമയെ വീണ്ടും ഉയർത്തിയത്,’അജു വർഗീസ് പറയുന്നു.

ഈയിടെ മലയാളത്തിൽ ഇറങ്ങിയ മമ്മൂട്ടിയുടെ ഭ്രമയുഗവും മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനുമെല്ലാം അവർ കൾട്ട് ക്ലാസിക്കായാണ് കാണുന്നതെന്നും അജു കൂട്ടിച്ചേർത്തു.

‘അതുപോലെ നമ്മുടെ ബിഗ് സ്റ്റാറുകൾ ആണെങ്കിലും ചെയ്യന്ന സിനിമകൾ വ്യത്യസ്തമാണ്. ഇപ്പോൾ മലൈക്കോട്ടൈ വാലിബനൊക്കെ ഇവിടെ വിമർശനം നേരിട്ടെങ്കിലും അതിനെയും മമ്മൂക്കയുടെ ഭ്രമയുഗത്തെയുമെല്ലാം കൾട്ട് ക്ലാസിക്കായാണ് അവർ കാണുന്നത്. അതൊക്കെ നമ്മുടെ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയുടെ ഭാഗമാണ്,’അജു വർഗീസ് പറയുന്നു.

Content Highlight: Aju Vargese Talk About His First Thamiz Movie