താന്‍ ചെയ്യുന്ന കോമഡികള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുവെന്നത് വലിയ അംഗീകാരമായാണ് കാണുന്നതെന്നാണ് ഈ സമയത്ത് അജുവിന് പറയാനുള്ളത്. “സിനിമയിലെ സാഹചര്യത്തിന് അനുസരിച്ച് ആ രംഗത്ത് കോമഡി ഉണ്ടെങ്കില്‍ മാത്രമേ അവിടെ ഹ്യൂമര്‍ ഫലിക്കൂ. ആര്‍ട്ടിഫിഷ്യല്‍ ആയി ചെയ്യുന്ന ഹ്യൂമറുകള്‍ ചില സമയങ്ങളില്‍ ഫലിക്കണമെന്നില്ല.” ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അജു പറയുന്നു.
കഥ കേട്ടതിന് ശേഷമാണ് താന്‍ സിനിമ തിരഞ്ഞെടുക്കാറുള്ളത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മാത്രമേ അഭിനയിക്കൂവെന്ന വാശി തനിക്കില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന മോഹം “പെരുച്ചാഴി”യിലൂടെ നടന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്ന ഒരു വേര്‍തിരിവും കാട്ടാതെ എല്ലാവരോടും ഒരു ജേഷ്ഠസഹോദരന്റെ സ്ഥാനത്ത് നിന്ന് പെരുമാറുന്ന വ്യക്തിയാണദ്ദേഹമെന്നും അജു പറഞ്ഞു.
സിനിമയില്‍ വലിയ സ്വപ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ അജു ശോഭനയ്‌ക്കൊപ്പം അഭിനയിക്കണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നും വ്യക്തമാക്കി.
“വലിയ ആഗ്രഹമൊന്നുമില്ല. ഞാന്‍ ഒരുപാട് ആരാധിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കണം, അതില്‍ നായകന്മാരും സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളും ഒക്കെയുണ്ട്. ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ… പിന്നെയുള്ളത്, ശോഭന ചേച്ചിയോടൊപ്പം ഒരു ചെറിയ റോളെങ്കിലും ചെയ്യണമെന്നത് ജീവിതാഭിലാഷമാണ്. ” അജു പറഞ്ഞു.