| Saturday, 28th December 2024, 5:26 pm

ആ ചിത്രം അത്രയ്ക്കും ഇമ്പാക്റ്റായിരുന്നു, പിന്നെ ഞാൻ മദ്യം തൊട്ടിട്ടില്ല: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്.

കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.

തനിക്ക് വെള്ളമടിച്ചാല്‍ താന്‍ പ്രഭാസ് ആണെന്നും ബാഹുബലിയുടെ ശക്തിയുണ്ടെന്നും തോന്നുമെന്നും അജു വര്‍ഗീസ് പറഞ്ഞു. എന്നാല്‍ വെള്ളം എന്ന സിനിമ കണ്ടതോടെ താന്‍ രണ്ട് വര്‍ഷമായി വെള്ളമടി നിര്‍ത്തിയെന്നും അജു വർഗീസ് പറയുന്നു.

‘കുഞ്ഞിരാമായണം സിനിമയുടെ സമയത്ത് ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സന്തോഷത്തോടെയാണ് ഇരിക്കുക. കാരണം വളരെ നല്ല സിനിമയാണ് അത്. നല്ല സിനിമയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നമുക്ക് അറിയുന്ന കാര്യമാണ്. പിന്നെ അതില്‍ എല്ലാവരും സുഹൃത്തുക്കളാണ്. കൂടെ വിനീതുമുണ്ട്. പക്ഷെ വിനീത് വെള്ളമടിക്കാനൊന്നും നില്‍ക്കില്ല. അദ്ദേഹം ഉറക്കം വരുന്നുവെന്ന് പറഞ്ഞൊക്കെ മാറി നില്‍ക്കും.

ഹരീഷേട്ടനും ബിജുക്കുട്ടന്‍ ചേട്ടനും ഉള്‍പ്പെടെയുള്ള ബാക്കി എല്ലാവരും അവിടെ ഉണ്ടാകും. ആ അവസരത്തിലാകാം ധ്യാന്‍ ഞാന്‍ വെള്ളമടിക്കുന്നത് കാണുന്നത്. ഉള്ളില്‍ രണ്ടെണ്ണം ചെന്നാല്‍ എനിക്ക് ഞാന്‍ പ്രഭാസാണെന്ന് തോന്നും. എനിക്ക് നല്ല ശക്തിയുണ്ടെന്നും തോന്നും. ബാഹുബലി കണ്ടതിന് ശേഷമാണ് എനിക്ക് ബാഹുബലിയുടെ ശക്തിയാണെന്ന് തോന്നി തുടങ്ങിയത്. അങ്ങനെയുള്ള തോന്നല് മാത്രമാണ് ഉള്ളത്.

വെള്ളം എന്ന സിനിമ കാണുന്നത് വരെയായിരുന്നു ഇത്. ആ സിനിമ കണ്ടതോടെ വലിയ ഒരു തിരിച്ചറിവ് ഉണ്ടായി. കൊവിഡിന്റെ സമയത്താണ് ആ സിനിമ പുറത്തിറങ്ങിയത്. അത് തന്നെയായിരുന്നു ഞാന്‍ വെള്ളമടി കട്ട് ഓഫ് ചെയ്യാന്‍ കാരണമായത്. ഇപ്പോള്‍ കള്ളുകുടിയില്ല. രണ്ട് വര്‍ഷത്തിന് മുകളിലായി വെള്ളമടി നിര്‍ത്തി. ആര്‍ക്കും വാക്ക് കൊടുത്തതിന്റെ പേരിലായിരുന്നില്ല, ആ സിനിമയുടെ ഇമ്പാക്റ്റിലായിരുന്നു നിര്‍ത്തിയത്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Vargese About Vellam Movie Impact

We use cookies to give you the best possible experience. Learn more