നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഓണം വിന്നര്‍ ആയിരുന്നു. ചിത്രം സാമ്പത്തികമായി വിജയമായിരുന്നുവെങ്കിലും പിന്നീട് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
നടൻ അജു വർഗീസും ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാളായിരുന്നു. ലൗ ആക്ഷൻ ഡ്രാമ പ്രൊഡ്യൂസ് ചെയ്തതിന് ശേഷമാണ് തന്റെ മുടി നരച്ചതെന്നും അത്രയേറെ ടെൻഷനുള്ള പരിപാടിയായിരുന്നു അതെന്നും അജു വർഗീസ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോടെ സംസാരിക്കുകയായിരുന്നു അജു.
‘ലൗ ആക്ഷൻ ഡ്രാമ നിർമിച്ചപ്പോഴാണ് എന്റെ മുടിയും താടിയുമെല്ലാം വേഗം നരച്ചത്. ഇത്രയേറെ ടെൻഷനുള്ള പരിപാടി വേറെയില്ല. ഇപ്പോൾ അഭിനയത്തിലാണ് ശ്രദ്ധ. കഥാപാത്രങ്ങൾക്കായാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇപ്പോഴും പഠിക്കുകയാണ് പലതും,’അജു വർഗീസ് പറഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമക്കെതിരെ വന്ന വിമർശനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിന് വഴങ്ങാതെ ആ സിനിമ കണ്ട് മികച്ച അഭിപ്രായം പറഞ്ഞ ഒരുപാടുപേരുണ്ടെന്ന് അജു വർഗീസ് പറഞ്ഞു.
‘ആദ്യ ദിനങ്ങളിൽ കാണുന്ന ആളുകളുടെ വ്യത്യസ്‌തമായ ചിന്താഗതികളും സോഷ്യൽ മീഡിയ റിവ്യൂകളും ഒരു സിനിമയെ ബാധിക്കാറുണ്ടെന്നത് സത്യമാണ്. പക്ഷേ, സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിന് വഴങ്ങാതെ ആ സിനിമ കണ്ടവർ ഏറെപ്പേരുണ്ട്.
അവർക്ക് ഈ ചിത്രം നന്നായി കണക്ട് ആയി. സിനിമ ഇറങ്ങും മുൻപ് ധ്യാനും ബേസിലും ഒക്കെ ചേർന്നു നൽകിയ അഭിമുഖങ്ങൾ കണ്ടവർ ഈ സിനിമ കോമഡി ചിത്രമായിരിക്കുമെന്ന് കരുതിപ്പോയി. സിനിമാറിവ്യൂവിനെ മോശമായി കരുതുന്ന ആളല്ല ഞാൻ. എനിക്കെതിരെയുണ്ടായ വിമർശനങ്ങളെപ്പോലും പോസിറ്റീവായാണ് കണ്ടത്. കഥാപാത്രങ്ങളും പ്രകടനവും നന്നാവുമ്പോൾ നല്ലതു പറഞ്ഞിട്ടുള്ളവരും ഏറെയുണ്ട്,’അജു വർഗീസ് പറയുന്നു.
Content Highlight: Aju Vargese About Love Action Drama Movie