ആ ആസിഫ് അലി ചിത്രം എന്റെ ജീവിതത്തിലെ അമൂല്യമായ ഒന്ന്, കാരണം അതിന്റെ ഴോണർ: അജു വർഗീസ്
Entertainment
ആ ആസിഫ് അലി ചിത്രം എന്റെ ജീവിതത്തിലെ അമൂല്യമായ ഒന്ന്, കാരണം അതിന്റെ ഴോണർ: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2024, 9:15 am

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട താരം 2019ല്‍ പുറത്തിറങ്ങിയ ഹെലന്‍ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു.

ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിൽ ഒരാളാണ് അജു വർഗീസ്. വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിളിപോയി. ആസിഫ് അലി, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വെത്യസ്തമായ ഒരു സിനിമയായിരുന്നു.

ജീവിതത്തില്‍ ഇന്നും താന്‍ അമൂല്യമെന്ന് കരുതുന്ന സിനിമയാണ് ഇതെന്ന് പറയുകയാണ് അജു വര്‍ഗീസ്. അതിന്റെ ഴോണറ് തന്നെയാണ് അങ്ങനെ അമൂല്യമെന്ന് കരുതാന്‍ കാരണമെന്നും ഇന്ത്യയില്‍ തന്നെ ആ ഴോണര്‍ ആദ്യമായി പരീക്ഷിച്ചത് തങ്ങളാണെന്നും താരം പറയുന്നു. വണ്ടര്‍വാള്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

കിളി പോയി ഇറങ്ങിയ ശേഷമാണ് സെയ്ഫ് അലി ഖാന്‍ ഇതേ ഴോണറിലുള്ള ‘ഗോ ഗോവ ഗോണ്‍’ എന്ന സിനിമ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. താന്‍ കിളി പോയിയുടെ കഥ മനസിലാക്കുന്നത് ഡബ്ബിങ്ങിനായി സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തില്‍ ഇന്നും ഞാന്‍ അമൂല്യമെന്ന് കരുതുന്ന സിനിമയാണ് കിളി പോയി. അതിന്റെ ഴോണറ് തന്നെയാണ് അങ്ങനെ അമൂല്യമെന്ന് കരുതാന്‍ കാരണം. ഇന്ത്യയില്‍ തന്നെ ആ ഴോണര്‍ ആദ്യമായി പരീക്ഷിച്ചത് ഈ സിനിമയിലാണ്.

പിന്നീടാണ് സെയ്ഫ് അലി ഖാന്‍ ‘ഗോ ഗോവ ഗോണ്‍’ എന്ന സിനിമ ചെയ്തത്. അതിന്റെ ട്രെയ്‌ലര്‍ ശരിക്കും നമ്മുടെ സിനിമ തന്നെയായിരുന്നു. കിളി പോയി എന്റെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ആ സിനിമയുടെ കഥ ഞാന്‍ മനസിലാക്കുന്നത് ഡബ്ബിങ് സ്റ്റുഡിയോയില്‍ വന്നിട്ടാണ്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Vargese About Kili Poyi Movie is Very Important For Him