വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു സിനിമാജീവിതം ആരംഭിച്ചത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചു. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു. ജേക്കബിന്റെ സ്വർഗ രാജ്യം എന്ന ചിത്രത്തിൽ സഹ സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചു.
ഈ വർഷം തിയേറ്ററിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും അജു വർഗീസ് അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷത്തിൽ തന്നെ അഭിനയിപ്പിക്കുമ്പോൾ വിനീത് കുറച്ചൊക്കെ അപ്‌സെറ്റായിരുന്നുവെന്ന് പറയുകയാണ് അജു. സിനിമ നിരൂപകർ ട്രോളുമോ എന്ന പേടിയുള്ളതിനാൽ വളരെ ശ്രദ്ധിച്ചിട്ടാണ് താൻ അഭിനയിച്ചിരുന്നതെന്നും എന്നാൽ വിനീതിന് അത് ഓക്കെയല്ലായിരുന്നുവെന്നും അജു പറയുന്നു.
അശ്വന്ത് കോക്കിനെ പോലെയുള്ളവർ തന്നെ ട്രോളുമോയെന്ന ഭയം കാരണമാണ് അത്തരത്തിൽ ശ്രദ്ധിച്ച് അഭിനയിക്കുന്നതെന്നും അജു കൂട്ടിച്ചേർത്തു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു അജു.
‘വർഷങ്ങൾക്ക് ശേഷത്തിൽ എന്നെ അഭിനയിപ്പിക്കുമ്പോൾ വിനീത് കുറച്ചൊക്കെ അപ്‌സെറ്റായിരുന്നു. കാരണം എന്നെ റിവ്യൂവേഴ്സ് ട്രോളുമോ എന്നൊക്കെ ഓർത്തിട്ടാണ്. അതുകൊണ്ട് അഭിനയിക്കുമ്പോഴുള്ള എന്റെ ബോഡിയുടെ ഇളക്കമൊക്കെ ഞാനൊന്ന് കുറച്ചു. ഒരു സീൻ കഴിഞ്ഞ് കട്ട് പറഞ്ഞ് ഞാൻ വിനീതിന്റെ അടുത്ത് വന്ന് സംസാരിക്കുമ്പോൾ അവൻ എന്നോട് ചോദിക്കും പെർഫോം ചെയ്യുമ്പോൾ നിനക്കിത് തന്നൂടെ എന്ന്.
അപ്പോൾ ഞാൻ പറയും, അവിടെ ചെല്ലുമ്പോൾ എനിക്ക് അശ്വന്ത് കോക്കിനെയൊക്കെ മനസിൽ വരുമെന്ന്. മറുപടിയായി വിനീത് പറയും, എടാ അത് കുഴപ്പമില്ല, ട്രോൾ ചെയ്താലും പ്രശ്നമില്ലായെന്ന്. നിനക്ക് വേറെ സിനിമ ചെയ്യാം, ട്രോൾ ചെയ്യുന്നത് എന്നെയല്ലേ എന്ന് ഞാൻ തിരിച്ചുചോദിക്കും,’അജു വർഗീസ് പറയുന്നു.
മുമ്പ് നിവിൻ പോളി പ്രധാന കഥാപാത്രമായി തിയേറ്ററിൽ എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ അജു വർഗീസിന്റെ പ്രകടനത്തെ കുറിച്ച് അശ്വന്ത് കോക്ക് തന്റെ മൂവി റിവ്യൂവിൽ വിമർശിച്ചിരുന്നു. പിന്നീട് അജു വർഗീസ് തന്നെ ചില അഭിമുഖങ്ങളിൽ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.
Content Highlight: Aju Vargese About Aswanth Kok