| Wednesday, 8th January 2025, 8:52 am

ആ നടന്റെ കരിയർ ഗ്രാഫ് പോലെ താഴെ വീണ് ഉയർന്ന് വരാനാണ് എനിക്കിഷ്ടം: അജു വർഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു സിനിമാജീവിതം ആരംഭിച്ചത്.

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച അജു ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിച്ചു. ജേക്കബിന്റെ സ്വർഗ രാജ്യം എന്ന ചിത്രത്തിൽ സഹ സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നടൻ ആസിഫ് അലിയുടെ കരിയർ ഗ്രാഫ് വലിയ ഇഷ്ടമാണെന്ന് പറയുകയാണ് അജു വർഗീസ്. ഉയർച്ച താഴ്ചയുള്ള ഒരു സൈൻ വേവാണ് ആസിഫിന്റെ കരിയറെന്നും അതിനോടാണ് തനിക്കും താത്പര്യമെന്നും അജു പറയുന്നു. സെലിബ്രറ്റിയായി നിൽക്കുമ്പോൾ ഉടനെ താഴെ വീണ് മുകളിലേക്ക് ഉയർന്ന് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അജു പറഞ്ഞു.

നൂറിൽ തൊണ്ണൂറ് മാർക്ക് വാങ്ങിക്കുന്ന ഒരു കുട്ടി ഒരിക്കൽ 85 മാർക്ക് വാങ്ങിയാൽ കുറ്റമാവുമെന്നും എന്നാൽ എന്നും അമ്പത് മാർക്ക് വാങ്ങുന്ന ഒരാൾ ഇടയ്ക്ക് 60 വാങ്ങിയാലും എല്ലാവരും കയ്യടിക്കുമെന്നും അജു കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അജു.

‘എനിക്ക് ആസിഫിന്റെ കരിയർ ഗ്രാഫ് വലിയ ഇഷ്ടമാണ്. കാരണം അതൊരു സൈൻ വേവാണ്.

അത് ശ്രദ്ധിച്ചാൽ മനസിലാവും. സൈൻ വേവിനോടാണ് എനിക്കും എപ്പോഴും താത്‌പര്യം.സെലിബ്രറ്റിയായി നിൽക്കുമ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ഉടനെ താഴെ വീഴണമെന്നാണ്. എന്നിട്ട് വീണ്ടും മുകളിലേക്ക് കയറി വരണം.

എന്നാൽ മാത്രമേ ഒരു ആക്ടർ എന്ന നിലയിൽ നമുക്കൊരു ത്രില്ലുള്ളൂ. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നൂറിൽ തൊണ്ണൂറ് വാങ്ങിക്കുന്ന ഒരു കുട്ടി, അവൻ എന്നെങ്കിലും 85 മാർക്ക് വാങ്ങിയാലും കുറ്റമാണ്. ഇനി 89 വാങ്ങിയാലും അവനോട് ചോദിക്കുക എന്തുകൊണ്ട് തൊണ്ണൂറ് മാർക്ക് വാങ്ങിയില്ല എന്നാണ്.

എന്നാൽ നൂറിൽ അമ്പത് മാർക്ക് വാങ്ങുന്ന ഒരുത്തൻ, അവൻ എന്നെങ്കിലും അറുപത് വാങ്ങിയാലും എഴുപത് വാങ്ങിയാലുമെല്ലാം കയ്യടിയാണ്. അങ്ങനെയൊരു പൊസിഷൻ എപ്പോഴുമൊരു സേഫ്റ്റിയാണ്,’അജു വർഗീസ് പറയുന്നു.

Content Highlight: Aju Vargese About Asif Ali’s Film Career

Latest Stories

We use cookies to give you the best possible experience. Learn more