നിവിന് അത് നന്നായിട്ടറിയാം, ആ ഒരു ഹൈ അവന് കിട്ടിയാൽ വലിയ ഓളമുണ്ടാക്കും: അജു വർഗീസ്
Entertainment
നിവിന് അത് നന്നായിട്ടറിയാം, ആ ഒരു ഹൈ അവന് കിട്ടിയാൽ വലിയ ഓളമുണ്ടാക്കും: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th January 2025, 10:22 am

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ ഒന്നിച്ച് കരിയർ തുടങ്ങിയ നടന്മാരാണ് അജു വർഗീസും നിവിൻ പോളിയും. പിന്നീട് തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട കോമ്പൊയായി മാറാൻ ഇരുവർക്കും സാധിച്ചു. കഴിഞ്ഞ വർഷമിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ശരിയായ കുപ്പായമിട്ടാല്‍ നിവിന്‍ പോളിയുണ്ടാക്കുന്ന ഓളം വളരെ വലുതാണെന്നാണ് അജു പറയുന്നത്. അത് നിവിന്‍ പോളിക്ക് നന്നായിട്ട് അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട നിവിൻ പോളിയുടെ ബോഡി ഷേമിങ് സീനിനെക്കാൾ തനിക്കിഷ്ടം മറ്റൊരു രംഗമാണെന്നും അജു വർഗീസ് പറഞ്ഞു. നിവിൻ പോളിയുടേത് മാത്രമായ ചില ഏരിയകൾ ഉണ്ടെന്നും അജു കൂട്ടിച്ചേർത്തു.

‘റൈറ്റ് കുപ്പായമിട്ടാല്‍ നിവിന്‍ പോളിയുണ്ടാക്കുന്ന ഓളം വളരെ വലുതാണ്. അത് നിവിന്‍ പോളിക്ക് അറിയാം. തീര്‍ച്ചയായും അവന് നന്നായിട്ട് അറിയുന്ന കാര്യമാണ് അത്.

പക്ഷെ ആ ഒരു ഹൈ അവന് കിട്ടണം. ഒരാള്‍ക്ക് ഇന്നുതൊട്ട് ജിമ്മില്‍ പോകാമെന്നും അല്ലെങ്കില്‍ ഇന്നുമുതല്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാമെന്നും കുറേ തിരക്കഥകള്‍ കേട്ട് തുടങ്ങാമെന്നുമൊക്കെ തോന്നാന്‍ ഒരു ഫോഴ്‌സ് കിട്ടേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ നിവിനിന്റെ ബോഡി ഷെയിമിങ്ങിന്റെ ഡയലോഗിനേക്കാള്‍ എനിക്ക് കൂടുതല്‍ ഇഷ്ടം അതിലെ ഒരു സീനാണ്. കുടിക്കാന്‍ പെപ്‌സിയും മറ്റും പറഞ്ഞ ശേഷം സ്‌ക്രിപ്റ്റിന്റെ കാര്യം ചോദിക്കുമ്പോള്‍ നിവിന്‍ ‘ഒന്നും പോടാ’യെന്ന് പറയുന്നുണ്ട്. ഡയലോഗിനേക്കാള്‍ എനിക്ക് ചിരി വന്നത് ഇങ്ങനെയുള്ള സീനുകളിലാണ്. അതുപോലെ ബേസിലുമായിട്ടുള്ള സീനുകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

അതൊക്കെ നിവിന്‍ പോളി സ്‌റ്റൈല്‍സാണ്. നമ്മള്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്ന ഒന്നാണ് അത്. വടക്കന്‍ സെല്‍ഫിയില്‍ ‘ഡേയ്‌സി തണുത്ത കാറ്റ്’ എന്നൊക്കെ പറയുന്ന സീനും ലവ് ആക്ഷന്‍ ഡ്രാമയില്‍ മോര് മോര് പറയുന്ന സീനുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതൊക്കെ പുള്ളിയുടെ തന്നെ ഒരു ഏരിയയാണ്,’ അജു വര്‍ഗീസ് പറയുന്നു.

 

Content Highlight: Aju Vargese About Acting Skill  Nivin Pauly