| Monday, 25th May 2020, 12:18 am

ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ സെറ്റ്, ഇന്ന് അതിന്റെ അവസ്ഥ, കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും; മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ അജു വര്‍ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസ്.

സെറ്റിന്റെ പഴയതും പൊളിച്ച ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു അജുവിന്റെ പ്രതികരണം. ലക്ഷങ്ങള്‍ മുടക്കി ഉണ്ടാക്കിയ സെറ്റ്, ഇന്ന് അതിന്റെ അവസ്ഥ, കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും അജു പ്രതികരിച്ചു. എങ്ങനെ തോന്നുന്നെന്നും അജു ചോദിച്ചു.

ഫേസ്ബുക്കിലൂടെയായിരുന്നു അജുവിന്റെ പ്രതികരണം ‘മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്.കൊറോണ- ലോക്കഡോണ്‍ കാരണം ഷൂട്ട് നീങ്ങി.ഇന്ന് അതിന്റെ അവസ്ഥ, കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും. എങ്ങനെ തോനുന്നു’ എന്നായിരുന്നു അജുവി്‌ന്റെ പോസ്റ്റ്.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സെറ്റ് നിര്‍മ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.
ഷൂട്ടിംഗ് ആവശ്യത്തിനായി നിര്‍മ്മിച്ച സെറ്റ് പൊളിച്ചതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം വീണ്ടും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരിക്കുകയാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

‘ക്ഷേത്രത്തിന് മുന്നില്‍ കെട്ടിയ പള്ളി ആണ്.ഷൂട്ടിങ്ങിന് എന്നാണ് പറഞ്ഞത് .പൊളിച്ച് മാറ്റാന്‍ ഭാവം ഇല്ല.ആ ജോലി ഞങ്ങള്‍ ഏറ്റെടുത്തു.നിലനിര്‍ത്താന്‍ പണത്തിന്റെ ഓഫര്‍ വന്നിരുന്നു.ഞങ്ങള്‍ക്ക് തല്‍ക്കാലം പണത്തിന്റെ ആവശൃം ഇല്ല’ എന്നാണ് ഹരി പാലോട് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

പൊളിക്കുകയല്ലായിരുന്നു വേണ്ടതെന്നും തീയിടുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍,ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികള്‍ നല്‍കിയിരുന്നു.യാചിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും,മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍.മഹാദേവന്‍ അനുഗ്രഹിക്കട്ടെ’ എന്നാണ് ഹരിയുടെ പോസ്റ്റ്.

ഒരു സിനിമാ സെറ്റിനോട് പോലും എന്തിനാണ് ഇത്രയ്ക്കും അസഹിഷ്ണുതയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വ്യാപക പ്രതിഷേധം സംഘപരിവാര്‍ സംഘടയുടെ പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ടൊവിനോയോടൊപ്പം ചിത്രത്തില്‍ വേഷമിടും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more