ഹാസ്യ താരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് അജു വർഗീസ്. സീരിയസ് കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു തെളിയിച്ചിരുന്നു. അത്തരത്തിൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹെലൻ. ഒ.ടി.ടി സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അജു.
ജോജു ജോർജ് നായകനായി എത്തിയ ചിത്രമായിരുന്നു ഇരട്ട. ചിത്രം ബോക്സ് ഓഫീസിൽ പരാജയം നേടിയെങ്കിലും ഒ.ടി.ടിയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇരട്ട പരാജയപെട്ടപ്പോൾ തനിക്ക് വിഷമം തോന്നിയിരുന്നു എന്നാണ് അജു പറയുന്നത്. മൂവി വേൾഡ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അജു.
‘ഒരു സിനിമയെ നമ്മൾ ഇപ്പോൾ ഒ.ടി.ടി സിനിമയാണെന്ന് പറയാറില്ലേ. അത് സത്യമാണ്. ചില സിനിമകൾ ടി.വിയിൽ കാണുമ്പോൾ നമ്മൾ കരുതാറില്ലേ ഇതെന്തുകൊണ്ട് പരാജയപ്പെട്ടു എന്ന്. ആ സിനിമകൾ ടിവിയിൽ നമുക്ക് നല്ല വർക്കാവും. അതിന്റെ കാരണം ഫോർമാറ്റിലുള്ള വ്യത്യാസമാണ്.
ഒരു പ്രേക്ഷക സമൂഹത്തിനോടൊപ്പം ഇരുന്ന് നമ്മുടെ മറ്റു തിരക്കുകൾ ഒക്കെ മാറ്റിവെച്ചിട്ടാണ് തിയേറ്ററിൽ ഇരുന്ന് നമ്മൾ സിനിമകൾ കാണുന്നത്. അവിടെ സിനിമയിലെ എൻഗേജ്മെന്റ് കുറച്ച് കുറഞ്ഞാൽ നമുക്ക് മുഷിപ്പ് തോന്നും. ചിലപ്പോൾ ലാഗ് അടിക്കാൻ തുടങ്ങും.
എന്നാൽ വീട്ടിലിരുന്നു കാണുമ്പോൾ നമ്മുടെ ലോകം ലൈവാണ്. അവിടെ നമുക്ക് സിനിമ നിർത്തേണ്ടപ്പോൾ നിർത്താം. അവിടെ ലാഗൊക്കെ അങ്ങ് പോവും. അങ്ങനെ എത്രയോ സിനിമകളുണ്ട്.
ഉദാഹരണത്തിന് തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നിയ ഒരു സിനിമയാണ് ഇരട്ട. എത്ര എക്സ്ട്രീം ബ്രില്ല്യന്റ് വർക്ക് ആയിരുന്നു അത്.