വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെ വ്യക്തതയെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. വിനീത് സംവിധാനം ചെയ്ത സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് അജു പറഞ്ഞു. വിനീത് തന്നെ ഒരു ഇൻറർവ്യൂവിൽ അദ്ദേഹം ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകൾ ചൂസ് ചെയ്യുന്നത് അറിഞ്ഞുകൊണ്ടാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അജു കൂട്ടിച്ചേർത്തു.
വിനീതിന്റെ തീരുമാനത്തിലും കോൺഫിഡൻസിലും വിശ്വസിക്കുന്ന ഓഡിയൻസ് തിയേറ്ററിൽ വരുന്ന കാലത്തോളം അദ്ദേഹത്തിന്റെ ടിക്കറ്റുകൾ ചെലവാക്കപ്പെടും എന്നും അജു പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.
‘മലർവാടി ചെയ്യുമ്പോഴും തട്ടത്തിൻ മറയത്ത് ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ വ്യക്തതയുണ്ട്. പുള്ളി തന്നെ ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ‘ഞാനിപ്പോൾ ക്രിഞ്ച് എന്ന് പറയപ്പെടുന്ന സിനിമകളും കലകളും ചൂസ് ചെയ്യുന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. എന്റെ കുട്ടികൾക്ക് ഒരു പ്രായമാകുന്നത് വരെ ഞാൻ അങ്ങനത്തെ സിനിമകളെ ചെയ്യുകയുള്ളൂ. അതിൽ ചിലപ്പോൾ റിപീറ്റേഷൻ ഉണ്ടായിരിക്കാം. ഈ പറയുന്ന ക്രിഞ്ച് ഉണ്ടായിരിക്കാം’ എന്ന്.
അദ്ദേഹത്തിന്റെ തീരുമാനത്തിലും കോൺഫിഡൻസിലും വിശ്വസിക്കുന്ന ഓഡിയൻസ് തിയേറ്ററിൽ വരുന്ന കാലത്തോളം ടിക്കറ്റുകൾ ചെലവാക്കപ്പെടും. പുള്ളി കഷ്ടപ്പെട്ടുണ്ടാക്കി നേടിയ സ്കിൽ നേടിയെടുത്ത ലൈസൻസ് ആണ്. അതിൽ ആർക്കും അഭിപ്രായം പറയാൻ പറ്റില്ല. പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിൽ യെസ്, അത്രയേയുള്ളൂ ,’അജു വർഗീസ് പറഞ്ഞു.
ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷങ്ങൾക്ക് ശേഷമാണ് അജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.
ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
Content Highlight: Aju vargees about vineeth sreenivasan’s movies