ഈ വര്‍ഷം ഇറങ്ങിയ ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന സിനിമയാണ് ഗഗനചാരി. അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന താരങ്ങള്‍.
2040കളില്‍ അന്യഗ്രഹജീവികള്‍ കടന്നുവന്ന ഡിസ്റ്റോപിയന്‍ കേരളത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സാജന്‍ ബേക്കറി, സായാഹ്ന വാര്‍ത്തകള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമയാണ് ഗഗനചാരി. ഗഗനചാരിയെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്.
ഒട്ടും കണക്റ്റാവാതെ അഭിനയിച്ച സിനിമയാണ് ഗഗനചാരിയെന്നും സംവിധായകൻ അരുൺ ചന്തുവുമായി പല കാര്യങ്ങളിലും തർക്കിച്ചിട്ടുണ്ടെന്നും അജു വർഗീസ് പറയുന്നു. എന്നാൽ സിനിമ നന്നായി സ്വീകരിക്കപ്പെട്ടെന്നും സിനിമ കണ്ട ശേഷം സംവിധായകൻ അൻവർ റഷീദ് തന്നെ വിളിച്ചിരുന്നുവെന്നും അജു വർഗീസ് പറയുന്നു.
‘സത്യത്തിൽ ഞാൻ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചുതുടങ്ങിയ സിനിമയാണ് ‘ഗഗനചാരി’. സംവിധായകൻ അരുൺ ചന്തു ഈ സിനിമയെപ്പറ്റി പറഞ്ഞ പല കാര്യങ്ങളിലും ഞാൻ തർക്കിച്ചിരുന്നു. എന്റെ അറിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഏകപക്ഷീയമായ തർക്കങ്ങളാണ് പലപ്പോഴും ഞാൻ ഉന്നയിച്ചത്. ഈ സിനിമയിലെ വിഷയം എത്രത്തോളം പ്രേക്ഷകർ സ്വീകരിക്കുമെന്നതായിരുന്നു എന്റെ സംശയം.
എന്നാൽ ഈ സിനിമ റിലീസ് ചെയതത് 25 വയസിൽ താഴെയുള്ളവർ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു. അവിടെ അവർ ഈ സിനിമയെ സ്വീകരിച്ച രീതി കണ്ടപ്പോൾ അറിവില്ലായ്‌മ എന്നത് എന്റെമാത്രം കാര്യമായിരുന്നെന്ന് മനസിലായി. അതോടെ ചന്തു പറഞ്ഞ പല കാര്യങ്ങളിലും അനാവശ്യമായി രേഖപ്പെടുത്തിയ വിയോജിപ്പുകളിൽ നിന്ന് ഞാൻ പിന്മാറി.
നിന്നോടുള്ള എന്റെ എല്ലാ വിയോജിപ്പുകളും ഇവിടെ തീരുന്നു എന്നാണ് ഞാൻ അവനോട് പറഞ്ഞത്. അതിനെക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമായി എനിക്ക് തോന്നിയത് ഈ സിനിമ കണ്ടശേഷം സംവിധായകൻ അൻവർ റഷീദ് വിളിച്ചതാണ്.
സിനിമയിലെത്തിയിട്ട് 14 വർഷമായ എന്നെ ഇതാദ്യമായാണ് അൻവർ റഷീദ് വിളിക്കുന്നത്.
അദ്ദേഹം സിനിമയെപ്പറ്റിയും എന്റെ വേഷത്തെപ്പറ്റിയും നല്ലത് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. സത്യത്തിൽ എൻ്റെ പൊട്ടത്തരമല്ല ഒരു സിനിമയെ വിലയിരുത്തേണ്ടതെന്ന വലിയ സത്യവും ഞാൻ അവിടെ തിരിച്ചറിയുകയായിരുന്നു,’അജു വർഗീസ് പറയുന്നു.
Content Highlight: Aju Vargees About Successes Of Gaganachari