അജ്മീര്‍: ഇന്ത്യയില്‍ താലിബാനിസം അനുവദിക്കില്ലെന്ന് അജ്മീര്‍ ദര്‍ഗ മേധാവി സൈനുല്‍ ആബിദീന്‍ അലി ഖാന്‍. ഉദയ്പൂരില്‍ യുവാവിനെ രണ്ട് മുസ്‌ലിം യുവാക്കള്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു മതവും മനുഷ്യരാശിക്കെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, പ്രത്യേകിച്ച് ഇസ്‌ലാം മതത്തില്‍. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സമാധാനമാണ്. ഞാന്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഒരിക്കലും രാജ്യത്ത് താലിബാനിസത്തെ വളരാന്‍ അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച്
സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന്റെ പേരിലാണ് യുവാവിനെ രണ്ട് പേരടങ്ങുന്ന സംഘം തലയറുത്ത് കൊലപ്പെടുത്തിയത്.
കടയിലേക്ക് തുണി തയ്പ്പിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഇയാളുടെ തല അറുത്തുമാറ്റിയെന്നും രാജസ്ഥാന്‍ പൊലീസ് പറഞ്ഞു. ആക്രമികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കനയ്യ ലാല്‍ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ടിരുന്നുവെന്ന് രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിരുന്നു.
ഈ വീഡിയോ പങ്കിടുന്നതിലൂടെ, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന കുറ്റവാളിയുടെ ലക്ഷ്യം വിജയിക്കുമെന്നും അതുകൊണ്ട് ആരും വീഡിയോ പങ്കുവെക്കരുതെന്നും ഗെലോട്ട് പറഞ്ഞു.