ദുബൈ: ചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി കേസ് തീരുന്നത് വരെ യു.എ.ഇയില്‍ തുടരേണ്ടി വരും. സുഹൃത്തായ യു.എ.ഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള അപേക്ഷ കോടതി തള്ളിയതോടെയാണ് കേസ് തീരുന്നതുവരെ തുഷാര്‍ യു.എ.ഇയില്‍ തുടരേണ്ടി വരിക.
കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു.
ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാറിനെ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. ഏകദേശം 18 കോടി രൂപയുടേതാണ് ചെക്ക്.
അതിനിടെ ആറ് കോടി രൂപ നല്‍കിയാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് നാസില്‍ അബ്ദുള്ള പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും തുക തരാന്‍ കഴിയില്ലെന്നാണ് തുഷാര്‍ നിലപാടെടുത്ത്. നാസിലിന് കൊടുക്കാവുന്ന പരമാവധി തുക മൂന്നു കോടിയാണെന്നും ഇത്രയും വലിയ തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി ഇല്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.
‘എനിക്ക് നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിനാധാരം. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷനുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണ്.
യു.എ.ഇയില്‍ മാന്ദ്യം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം വിവിധ കമ്പനികളില്‍ നിന്നായി കിട്ടാനുണ്ടായിരുന്നു. വന്‍ നഷ്ടം സംഭവിച്ചിട്ടും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കു കുറേയൊക്കെ പണം കൊടുക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.
നാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്ങനെ പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു ഒത്തുതീര്‍പ്പിനു പോവേണ്ട കാര്യമില്ല.’- എന്നായിരുന്നു തുഷാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ തീരെച്ചെറിയ തുകയാണ് ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്തതെന്നാണ് നാസില്‍ പറയുന്നത്. തുഷാറിനെ കുഴപ്പത്തിലാക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അതുകൊണ്ടാണ് ഒത്തുതീര്‍പ്പാവാമെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.