ഞാനിങ്ങനെ ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്തു പോകുന്നതിനിടയിലാണ് അത് ശ്രദ്ധിക്കുന്നത്. 2020 തൊട്ട് ടി-20 യില്‍ നമ്പര്‍ 3 പൊസിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇയാളാണത്രേ. ഏത് ബോള്‍ കണ്ടാല്‍ വീശി അടിക്കുന്ന ഇയാളോ? അത്ഭുതം തോന്നി ഞാന്‍ അങ്ങനെ ആ ആര്‍ട്ടിക്കിള്‍ എടുത്തു നോക്കി.
38 ഇന്നിംഗ്‌സില്‍ നിന്ന് 1251 റണ്‍സ് ആണ് ആശാന്‍ നേടിയത് അതും 148 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍. ശെടാ അതെങ്ങനെ ശരിയാകും എന്ന് ഞാന്‍ തന്നെ ചിന്തിച്ചു. എന്നിട്ട് ഈ വര്‍ഷം അയാള്‍ നമ്പര്‍ 3 കളിച്ച സ്റ്റാറ്റസ് കൂടി നോക്കി 8 കളിയില്‍ നിന്ന് 270+ റണ്‍സ് ആവറേജ് 38+ ഉം ഗംഭീര സ്‌ട്രൈക്ക് റേറ്റ് വേറെ.
അപ്പോള്‍ പറഞ്ഞു വരുന്നത് നമ്മള്‍ മലയാളികളുടെ കാര്യമാണ്. നമുക്ക് എത്ര കിട്ടിയാലും ആര്‍ത്തി മാറില്ല എന്നത് പോലെയാണ് ഇയാള്‍ എന്തൊക്കെ ചെയ്താലും ഇനിയും വേണം ഇനിയും വേണം എന്ന് നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കും. കൂടുതലും സ്‌നേഹം കൊണ്ടാണ്, എന്നാല്‍ ഇയാളോട് വെറുപ്പ് വെച്ച് സംസരിക്കുന്നവരും ഉണ്ട്.
സത്യം പറഞ്ഞാല്‍ കഴിഞ്ഞ സീസണില്‍ ഇയാള്‍ 480+ റണ്‍സ് അടിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു, പക്ഷെ അവിടെ അയാളുടെ പ്രഹരശേഷി താഴ്ന്നു നിന്നത് അന്ന് ആരും ശ്രദ്ധിച്ചില്ല. തന്റെ നാച്ചുറല്‍ ഗെയിം വിട്ട് അയാള്‍ മാറിയപ്പോള്‍ നാഷണല്‍ ടീമില്‍ കിട്ടിയ അവസരങ്ങള്‍ പേടിയുള്ള മുഖവുമായി അയാള്‍ കളിക്കുന്നത് കണ്ടു.
ഓസ്‌ട്രേലിയയില്‍ പോയി കൂളായി കിട്ടിയാല്‍ കിട്ടട്ടെ എന്ന രീതിയില്‍ കളിച്ച അയാളുടെ ഉള്ളില്‍ ഒരു ഭയം ഞാന്‍ കണ്ടു. (സംഭവം 48 റണ്‍സ് ആണ് ഓസ്‌ട്രേലിയ സീരീസില്‍ എടുത്തതെങ്കിലും ഇയാള്‍ കാട്ടിയൊരു പോസിറ്റീവ് ഇന്റന്റ് കിടു ആയിരുന്നു)
ഒടുവില്‍ 19 ബോളില്‍ നിന്നും 17ല്‍ നില്‍ക്കെ വരുന്നത് വരട്ടെ എന്ന രീതിയില്‍ അയാള്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചതും പിന്നീടുള്ള 5 ബോളില്‍ നിന്ന് 22 റണ്‍ അടിക്കുന്നതും ഞാന്‍ കണ്ടു. തൊട്ടടുത്ത കളിയും എന്നാല്‍ അയാളില്‍ ആ ഭയം വീണ്ടും വന്നു. അന്ന് അയാള്‍ക് 18 റണ്‍സ് നേടാനെ ആയുള്ളൂ.
ഒരുകാലത്തു ഞാനും സഞ്ജുവിന് ടി-20 സ്ഥിരത ഇല്ലെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നത് പറയില്ല പകരം അയാള്‍ മുട്ടി നിന്ന് ഔട്ടായാല്‍ ആണ് എനിക്ക് വിഷമം. ഷോട്ട് കളിച്ചാണ് പുറത്താകുന്നതെങ്കില്‍ സന്തോഷമേ ഉള്ളൂ.
സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങള്‍ക് ആര്‍ക്കേലും അറിയുമോ. അവന്‍ ക്രീസില്‍ നിന്ന് 5 ബോളാണ് കളിക്കുന്നതെങ്കില്‍ പോലും അത് എല്ലാം അവന്‍ മിഡില്‍ ചെയ്തിരിക്കും. ആദ്യ ബോള്‍ തന്നെ മിഡില്‍ ചെയ്തു തുടങ്ങുന്ന എത്ര ബാറ്റര്‍മാര്‍ ഇവിടെ കാണും.
കഴിഞ്ഞ കളി ലെഗ് സൈഡില്‍ മിഡില്‍ ചെയ്തു സിംഗിള്‍ ഇടുമ്പോള്‍ അയാളുടെ ഈ പ്രത്യേകതയെ കുറിച്ച് ഹര്‍ഷ ആണെന്ന് തോന്നുന്നു, സൂചിപ്പിക്കുന്നത് കണ്ടു. ‘ഇന്നും അയാള്‍ തുടങ്ങിയത് ബൗണ്ടറി വഴി ആണ്’ ഈ ഐ.പി.എല്ലില്‍ തന്നെ നേരിട്ട ആദ്യ രണ്ട് മൂന്ന് ബോളില്‍ തന്നെ ബൗണ്ടറി നേടുന്ന അയാളെ നമ്മള്‍ എത്ര തവണ കണ്ടതാണ്.
ഇതാണ് സഞ്ജു. അയാള്‍ ഇങ്ങനെ ആയിരുന്നു. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഇങ്ങനെ കളിച്ചാണ് നാഷണല്‍ ടീമില്‍ എത്തിയതും ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനായതും.
തന്റെ നാച്ചുറല്‍ ഗെയിം നഷ്ടപ്പെടാതെ ഡിഫെന്‍സിലേക്ക് വലിയാതെ അയാള്‍ അറ്റാക്ക് ചെയ്യട്ടെ, ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാമെന്നേ…
ഒന്നുമില്ലെങ്കിലും മടല്‍ വെട്ടി എം.ആര്‍.എഫ് എന്ന് എഴുതി കളിച്ചു തുടങ്ങിയ നമ്മളില്‍ ഒരുപാട് പേര്‍ കണ്ട സ്വപ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും യഥാര്‍ഥ്യമാക്കി, സ്വപ്നം കാണാന്‍ മാത്രമല്ല മുന്നേറാനാകുമെന്നും തെളിയിച്ചത് അവന്‍ തന്നല്ലേ…
നീ വലിച്ചടിച്ചോളൂ സഞ്ജൂ, മുട്ടി ഔട്ട് ആകുമ്പോള്‍ ആണ് എനിക്കിപ്പോള്‍ വിഷമം
അജ്മല്‍ നിഷാദ്
Content Highlight: Ajmal Nishad abou Sanju Samson’s Style of Batting