[]മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷക്ക് വിധേയനായ അജ്മല്‍ കസബ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പാട്ടീല്‍ വെളിപ്പെടുത്തി.
അവസാന മാസങ്ങളില്‍ കസബ് ചെയ്ത് പോയ തെറ്റുകള്‍ക്ക് പശ്ചാത്താപം തേടിയിരുന്നതായും പാട്ടീല്‍ പറഞ്ഞു.
കസബിന്റെ സ്വഭാവം വളരെ വിചിത്രമായിരുന്നു. ജയിലനകത്ത് കൂടി മുമ്പോട്ടും പിറകോട്ടും നടക്കുന്ന ശീലമുണ്ടായിരുന്ന കസബ് അനാവശ്യമായി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോടും ഇത്തരത്തില്‍ പെരുമാറുമായിരുന്നു.
ഒരു ദിവസം കിടക്ക വിരി നനച്ച് സ്വയം മുറുക്കി ഞരമ്പ് തകര്‍ത്ത് ആത്മഹത്യ ചെയ്യാന്‍ കസബ് ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസബിന്റെ കയ്യില്‍ നിന്നും കിടക്ക വിരി തിരികെ വാങ്ങിയത്- പാട്ടീല്‍ പറഞ്ഞു.
ഭീകരവാദിയായ കസബ് കഴുമരത്തിലേക്ക് പോയത് വിറച്ച് കൊണ്ടായിരുന്നുവെന്നും അവസാന വാക്കുകളില്‍ തന്നോട് ദയ കാണിക്കണമെന്ന യാചനയായിരുന്നുവെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷക്ക് ശേഷം ആദ്യമായാണ് കസബിന്റെ ജയില്‍ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.
മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ അജ്മല്‍ കസബിനെ 2012 നവംബര്‍ 21നാണ് പൂനെ യേര്‍വാദ ജയിലില്‍ വച്ച് തൂക്കിലേറ്റുന്നത്.