ഇന്ത്യയില്‍ കസബിന് അനുകൂലമായി വൈകാരിക തരംഗം ഉയരുന്നത് തടയാന്‍ വേണ്ടി താന്‍ കെട്ടിച്ചമച്ചതാണ് ഈ വാര്‍ത്തയെന്നാണ് ഉജ്വല്‍ നിഗമിന്റെ വെളിപ്പെടുത്തല്‍.
“കസബ് ഒരിക്കലും ബിരിയാണി ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ കസബിനു ബിരിയാണി നല്‍കിയിട്ടുമില്ല. വിചാരണയ്ക്കിടെ ഉയര്‍ന്ന കസബ് അനുകൂല വികാരത്തിനു തടയിടാന്‍ താന്‍ അക്കാര്യം കെട്ടിച്ചമക്കുകയായിരുന്നു.” നിഗം പറഞ്ഞു. ജെയ്പൂരില്‍ തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
“കസബിന്റെ ശരീര ഭാഷ മാധ്യമങ്ങള്‍ വിശദമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കസബിനും അറിയാം. ഒരു ദിവസം കോടതി മുറിയില്‍ തലകുനിച്ചു നിന്ന കസബ് വിതുമ്പുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇക്കാര്യം ബ്രേക്കിങ് ന്യൂസായി- കസബിന്റെ മിഴികളില്‍ കണ്ണുനീര്‍. അതൊരു രക്ഷാബന്ധന്‍ ദിനമായിരുന്നു. മാധ്യമങ്ങളില്‍ ഈ രീതിയില്‍ ചര്‍ച്ച പുരോഗമിച്ചു.”
“സഹോദരിയെക്കുറിച്ച് ആലോചിച്ചാണ് കസബ് വിതുമ്പിയതെന്ന് ചിലര്‍ ഊഹിച്ചു. കസബ് തീവ്രവാദിയാണോ അല്ലയോ എന്ന് ചിലര്‍ ചോദിക്കാന്‍ തുടങ്ങി.” നിഗം പറഞ്ഞു.
“ഈ രീതിയിലുള്ള വൈകാരിക തരംഗം അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് കസബ് ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടെന്ന പ്രസ്താവന ഞാന്‍ നല്‍കിയത്.” അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവന വന്നതോടെ മാധ്യമങ്ങളുടെ ചര്‍ച്ച ഇതിനെക്കുറിച്ചായെന്നും അദ്ദേഹം പറയുന്നു.
2012 നവംബറിലാണ് കസബിനെ തൂക്കിലേറ്റിയത്.