| Tuesday, 8th January 2013, 12:40 am

കസബ് സമര്‍പ്പിച്ച ദയാഹരജിയില്‍ വെറും നാല് വരി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ പ്രതി അജ്മല്‍ കസബ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്ന ദയാഹരജി പുറത്തുവിട്ടു.

വിവരാവകാശ നിയമപ്രകാരമാണ് ദയാഹരജി പുറത്തുവിട്ടത്. ലഖ്‌നൗവിലെ വിവരാവകാശപ്രവര്‍ത്തകയായ ഉര്‍വശിശര്‍മ നല്‍കിയ അപേക്ഷയിലാണ് ദയാഹരജി പുറത്തുവിട്ടത്.[]

സ്വന്തം കൈപ്പടയില്‍ ഉറുദുവില്‍ എഴുതിയ നാല് വരിയിലാണ് കസബ് രാഷ്ട്രപതിയോട് ദയാഹരജിയിക്കായി അപേക്ഷിച്ചത്.

തെറ്റുനിറഞ്ഞ ഉറുദുവിലെഴുതിയ ഹരജിക്ക് ജയിലധികൃതര്‍ നല്‍കിയ പരിഭാഷ ഇങ്ങനെ: “സര്‍, സുപ്രീംകോടതി എന്നെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നു. മരണശിക്ഷയില്‍നിന്ന് എനിക്ക് ഇളവുനല്‍കാനും തൂക്കുമരത്തില്‍നിന്ന് ഒഴിവാക്കാനും കരുണയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇതെന്റെ വിനീതമായ അപേക്ഷയാണ്…കസബ്”

2012 സപ്തംബര്‍ 12ാണ് ഹരജിയില്‍ തീയതിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തള്ളിയതിനെത്തുടര്‍ന്ന് നവംബര്‍ 21ന് ഏര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കസബിനെ തൂക്കിലേറ്റി.

2008 നവംബര്‍ 26ന് മുംബൈയില്‍ ആക്രമണം നടത്തിയ പാക് ഭീകരപ്രവര്‍ത്തകരില്‍ പിടിയിലായ ഏകയാളാണ് കസബ്. വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത് ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്.

മുംബൈ ആര്‍തര്‍റോഡ് ജയിലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത്. നാലുവര്‍ഷത്തെ കാവലിന്റെ ചെലവായി 21 കോടി രൂപയാണ് ഐ.ടി.ബി.പി മഹാരാഷ്ട്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഈ തുക ഒഴിവാക്കിക്കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചു. ഇളവുലഭിക്കുന്ന തുക മഹാരാഷ്ട്രയിലെ ജയില്‍നവീകരണത്തിനായി ചെലവഴിക്കണമെന്ന് നിര്‍ദേശിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നിര്‍ദേശിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more