തനിക്ക് സിനിമയിൽ ചാൻസ് ചോദിക്കാൻ മടി ആയിരുന്നെന്ന് നടൻ അജ്മൽ അമീർ. എന്നാൽ ഇപ്പോൾ ഒരു സിനിമ ഇഷ്ടപ്പെട്ടാൽ അതിന്റെ സംവിധായകരെ വിളിക്കാറുണ്ടെന്നും മമ്മൂട്ടി വരെ അങ്ങനെ ചെയ്യുന്നുണ്ടെന്നും അജ്മൽ അമീർ പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയിൽ ചാൻസ് ചോദിക്കാൻ നല്ല ചമ്മൽ ആയിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ അതൊക്കെ വിട്ടു. ഇപ്പോൾ എനിക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടാൽ അതിന്റെ സംവിധായകരെയും നിർമാതാക്കളെയും വിളിക്കും. അപ്പോൾ അവർക്ക് മനസിലാകും അവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ നമുക്ക് താൽപര്യമുണ്ടെന്ന്. മമ്മൂക്ക വരെ അങ്ങനെ ചെയ്യുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു, പിന്നെയെന്താ നമുക്ക് ചെയ്താൽ. അദ്ദേഹം അങ്ങനെയൊക്കെ ചെയ്യുമ്പോൾ നമ്മളൊക്കെ ഒന്നുമല്ലല്ലോ.
നമ്മൾ ഇവിടെയുണ്ടെന്നും ഇവരുടെ കൂടെ സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്നും അവരെ അറിയിക്കണം. ആ ഒരു രീതി ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്. ഇപ്പോൾ ഓരോ ആളുകളുടെയും നമ്പർ തേടി പിടിച്ച് വിളിക്കാൻ തുടങ്ങി, പടങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറയും. അപ്പോൾ അവർ എന്നെ വിളിക്കും,’ അജ്മൽ അമീർ പറഞ്ഞു.
അഭിമുഖത്തിൽ സിനിമകൾ ചെയ്യാൻ ഒരു ഗോഡ് ഫാദറിന്റെ ആവശ്യമില്ലെന്നും ശരിയായ വഴിയിലൂടെയാണ് നീങ്ങുന്നതെങ്കിൽ ഉറപ്പായും നല്ല സിനിമകൾ കിട്ടുമെന്നും അജ്മൽ അമീർ പറഞ്ഞു.
‘സിനിമയിലേക്ക് വരാൻ ഒരു ഗോഡ്ഫാദറിന്റെ ആവശ്യമില്ല. സിനിമയെ ഇഷ്ടപ്പെട്ടാൽ സിനിമ മാത്രം മതി. നമ്മുടെ ആഗ്രഹം സത്യസന്ധമാണെങ്കിൽ നല്ല സിനിമകൾ കിട്ടും. നമ്മുടെ ഓട്ടം ശരിയായ ദിശയിലും ശരിയായ ആളുകളുടെ പിന്നാലെ ആണെങ്കിലും തീർച്ചയായതും നമുക്ക് സിനിമ കിട്ടിയിരിക്കും,’ അജ്മൽ പറഞ്ഞു.