അവർ നല്ലൊരു തുക തരാമെന്ന് പറഞ്ഞതുകൊണ്ട് മാത്രം ചെയ്തവേഷമാണത്: അജ്‌മൽ അമീർ
Entertainment
അവർ നല്ലൊരു തുക തരാമെന്ന് പറഞ്ഞതുകൊണ്ട് മാത്രം ചെയ്തവേഷമാണത്: അജ്‌മൽ അമീർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd August 2023, 11:59 pm

ടു കൺട്രീസ് എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ചവേഷം പണത്തിനു വേണ്ടി മാത്രം ചെയ്തതാണെന്ന് നടൻ അജ്മൽ അമീർ. തനിക്ക് ഉല്ലാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമില്ലായിരുന്നെന്നും സംവിധായകൻ ഷാഫി തന്നെ നേരിട്ട് വിളിച്ച് ഏൽപ്പിച്ച വേഷം ആയിരുന്നെന്നും അജ്മൽ പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വളരെ കൺഫ്യൂസിങ് ആയിട്ടുള്ള ഒരു അവസ്ഥയിൽ നിന്നപ്പോൾ ഉള്ള ചിത്രമായിരുന്നു ടു കൺട്രീസ്. ഡോക്ടർ ആയിട്ട് തുടരണോ അതോ സിനിമ മുന്നോട്ട് കൊണ്ടുപോകാനോ എന്ന സംശയത്തിൽ നിൽക്കുകയായിരുന്നു.

ആ സമയത്താണ് എനിക്ക് ആ ചിത്രത്തിലേക്കുള്ള ഓഫർ വരുന്നത്. അന്നെന്നെ ഷാഫി ഇക്കയാണ് വിളിക്കുന്നത്. എനിക്ക് ഇക്കയുടെ പടങ്ങൾ ഒക്കെ വളരെ ഇഷ്ടമായിരുന്നു. അപ്പോൾ ഇക്കയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇനി ചിത്രങ്ങൾ ചെയ്യുമ്പോൾ എന്നെ വിളിക്കണമെന്ന്. പുള്ളി വിളിക്കാമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ അത് ചെയ്യുന്നത്.

ആ കഥാപാത്രം ചെയ്യുന്നതിൽ ഞാൻ അത്ര സന്തോഷവാൻ ആയിരുന്നില്ല. പക്ഷെ ആ സമയത്ത് അവർ എനിക്ക് നല്ലൊരു തുക ഓഫർ ചെയ്തു. വളരെ കുറച്ച് വർക്ക്‌ മാത്രമാണ് എനിക്ക് ആ സിനിമയിൽ ഉണ്ടായിരുന്നതും. എനിക്ക് ആ തുക ആവശ്യവുമായിരുന്നു. അതുകൊണ്ട് പോയി ചെയ്ത സിനിമയായിരുന്നു അത്.

സിനിമ ആളുകൾ സ്വീകരിച്ചിരുന്നു. അതിലെ ഉല്ലാസ് എന്ന കഥാപാത്രം എനിക്ക് നല്ലൊരു മൈലേജ് തന്നതാണ്,’ അജ്മൽ അമീർ പറഞ്ഞു.

അൽഫോൻസ് പുത്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോൾഡ് ആണ് അജ്മലിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ നയൻ‌താര, മല്ലിക സുകുമാരൻ, ബാബുരാജ്, ലാലു അലക്സ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ജഗദീഷ്, ചെമ്പൻ വിനോദ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

അതേസമയം, ഈയൽ, ഹണ്ട് എന്നീ മലയാളം ചിത്രവും, പിശാശ് 2 എന്ന തമിഴ് ചിത്രവുമാണ് ഇനി റിലീസിനൊരുങ്ങുന്ന അജ്മലിന്റെ ചിത്രങ്ങൾ.

Content Highlights: Ajmal Amir on 2 countries movie