പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജ്മല്‍ അമീര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അജ്മല്‍ തന്റെ സാന്നിധ്യമറിയിച്ചു. കെ.വി. ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷം ചെയ്ത് തമിഴില്‍ അജ്മല്‍ ശ്രദ്ധേയനായി. കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും അജ്മലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
കരിയറില്‍ താന്‍ നഷ്ടപ്പെടുത്തിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അജ്മല്‍ അമീര്‍. കോ എന്ന സിനിമക്ക് ശേഷം തനിക്ക് തെലുങ്കില്‍ നിന്ന് ധാരാളം പ്രൊജക്ടുകള്‍ വന്നിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു. എന്നാല്‍ പല കഥാപാത്രങ്ങളും കോയിലേത് പോലെ വില്ലന്‍ ടച്ചുള്ളവയായിരുന്നുവെന്നും തുടര്‍ച്ചയായി ഇത്തരം വേഷങ്ങള്‍ വന്നത് തനിക്ക് മടുപ്പായി തോന്നിയെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.
ഒരുഘട്ടം കഴിഞ്ഞപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് താന്‍ തീരുമാനിച്ചെന്ന് അജ്മല്‍ അമീര്‍ പറഞ്ഞു. ആ സമയം തന്നെ തേടി ഒരു തമിഴ് ചിത്രം വന്നെന്നും അതിലും വില്ലന്‍ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ ഒഴിവായെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ സംവിധായകന്‍ തന്നോട് രണ്ടുമൂന്നു തവണ സംസാരിച്ചെന്നും എന്നാല്‍ താന്‍ ആ കഥ റിജക്ട് ചെയ്‌തെന്നും അജ്മല്‍ അമീര്‍ പറഞ്ഞു.
ഇനി നായകനായി മാത്രമേ അഭിനയിക്കുന്നുള്ളൂ എന്ന് ആ സംവിധായകനോട് പറഞ്ഞെന്നും ആ ചിത്രം ജയം രവിയുടെ കരിയറിലൈ ബെഞ്ച്മാര്‍ക്കായ തനി ഒരുവന്‍ ആയിരുന്നെന്നും അജ്മല്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ വേഷത്തിലേക്കായിരുന്നു തന്നെ വിളിച്ചതെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ആ വേഷമെന്നും അജ്മല്‍ പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു അജ്മല്‍ അമീര്‍.
‘കോ എന്ന സിനിമ കരിയറിലെ മൈല്‍സ്‌റ്റോണുകളിലൊന്നായിരുന്നു. അതിന് ശേഷം തമിഴിലും മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ നിന്ന് ഒരുപാട് കഥകള്‍ എന്നെ തേടിവന്നു. ചിലതൊക്കെ ചെയ്ത് തെലുങ്കിലും അത്യവശ്യം എസ്റ്റാബ്ലിഷ്ഡ് ആയി. പക്ഷേ, എന്നെ തേടി വന്നത് മുഴുവന്‍ കോയിലേത് പോലെ വില്ലന്‍ ടച്ചുള്ള വേഷങ്ങളായിരുന്നു. അതുവരെ നല്ലവനായി നിന്ന് ക്ലൈമാക്‌സില്‍ വില്ലനായി മാറുന്ന ക്യാരക്ടറായിരുന്നു കൂടുതലും.
ഒരു സ്‌റ്റേജ് കഴിഞ്ഞപ്പോള്‍ അത്തരം വേഷങ്ങള്‍ എനിക്ക് മടുത്തു. ഇനി ഹീറോയായി മാത്രമേ അഭിനയിക്കുള്ളൂ എന്ന തീരുമാനത്തിലേക്കെത്തി. അതിന് ശേഷം എന്നെ തേടി ഒരു സംവിധായകന്‍ വന്നു. പുള്ളി എന്നോട് പറഞ്ഞ കഥയിലും വില്ലന്‍ വേഷമായിരുന്നു.
ഇനി ഹീറോ റോള്‍ മാത്രമേ ചെയ്യുള്ളൂവെന്ന് ആ സംവിധായകനോട് ഞാന്‍ പറഞ്ഞു. ആ പടമാണ് തനി ഒരുവന്‍. അതില്‍ അരവിന്ദ് സ്വാമി ചെയ്ത വേഷത്തിലേക്കായിരുന്നു എന്നെ വിളിച്ചത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു ആ ഐക്കോണിക് വില്ലന്‍ റോള്‍,’ അജ്മല്‍ അമീര്‍ പറയുന്നു.
Content Highlight: Ajmal Ameer says he missed Thani Oruvan movie