|

ഒരുപാട് സിനിമകള്‍ക്ക് വേണ്ടി ആവശ്യമില്ലാതെ പ്രയത്‌നിച്ച് എങ്ങുമെത്താതെ പോയിട്ടുണ്ട്; അജ്മല്‍ അമീര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെട്രിക്കണ്‍ എന്ന നയന്‍താര ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് മലയാളിയായ അജ്മല്‍ അമീര്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം വളരെ കുറച്ച് മാത്രമേ തനിക്കിതുവരെ കിട്ടിയിരുന്നുള്ളൂവെന്ന് പറയുകയാണ് അജ്മല്‍. ചില പടങ്ങള്‍ക്ക് വേണ്ടി ആവശ്യമില്ലാതെ പ്രയത്‌നിച്ച് എങ്ങുമെത്താതെ പോയിട്ടുണ്ടെന്നും അജ്മല്‍ പറയുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അജ്മല്‍ അമീര്‍ സംസാരിക്കുന്നത്.

‘മികച്ച കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഏത് ഭാഷയിലായാലും ഞാന്‍ ചെയ്യും. പക്ഷേ ലോബഡ്ജറ്റ് ചിത്രമാണ്, മികച്ച കഥാപാത്രമാണ് എന്നെല്ലാം പറഞ്ഞ പല സിനിമകള്‍ക്കും ഞാന്‍ കൈ കൊടുത്തിട്ടുണ്ട്. പൈസ മേടിക്കാതിരുന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍മാരെ ഒപ്പിച്ച് കൊടുത്തിട്ടുണ്ട്. പക്ഷേ ആ സിനിമകള്‍ക്ക് വേണ്ടി ആവശ്യമില്ലാതെ പ്രയത്‌നിച്ച് എങ്ങുമെത്താതെ പോവുകയായിരുന്നു,’ അജ്മല്‍ പറയുന്നു.

മലയാളത്തില്‍ നിന്ന് നല്ല കഥാപാത്രങ്ങള്‍ തനിക്ക് വരുന്നില്ലെന്നും ഇനിയെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അജ്മല്‍ പറയുന്നുണ്ട്.

മിലിന്ദ് റാവു സംവിധാനം ചെയ്ത നെട്രിക്കണ്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ സൈക്കോ വില്ലന്റെ കഥാപാത്രമാണ് അജ്മല്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്.

നവീന്‍ സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിഘ്‌നേഷ് ശിവനാണ്.

ആര്‍.ഡി. രാജശേഖരന്‍ ക്യാമറയും ലോറന്‍സ് കിഷോര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ ദിലീപ് സുബ്ബരായനാണ്.

വിഘ്‌നേഷ് ശിവന്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്ണനാണ്. നയന്‍താരയുടെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൊന്നായിരിക്കും നെട്രികണ്ണിലേതെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ajmal Ameer says about films in which he trapped

Video Stories