ആ സിനിമയിൽ എനിക്ക് പകരം വന്നത് വിജയ് സേതുപതിയാണ്: അജ്മൽ അമീർ
Entertainment
ആ സിനിമയിൽ എനിക്ക് പകരം വന്നത് വിജയ് സേതുപതിയാണ്: അജ്മൽ അമീർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd July 2023, 11:59 pm

പിസ്സ എന്ന ചിത്രം താനാണ് ചെയ്യേണ്ടിയിരുന്നതെന്ന് നടൻ അജ്മൽ അമീർ. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് താൻ പഠിക്കാൻ പോയെന്നും പിസ്സ എന്ന ചിത്രത്തിലേക്ക് തന്റെ രൂപമുള്ള ഒരാളെയായിരുന്നില്ല വേണ്ടിയിരുന്നതെന്നും അജ്‌മൽ പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയ കാലം എന്ന ചിത്രത്തിന് ശേഷം എനിക്ക് ബാക് ടു ബാക് സിനിമകൾ ആയിരുന്നു. അഞ്ചാതെ എന്ന തമിഴ് ചിത്രം ഹിറ്റായതുകൊണ്ട് അവിടെ കൂടുതൽ ഓഫറുകൾ വന്നു. പിന്നീട് മലയാളത്തിൽ മാടമ്പിയും ചെയ്‌തു. തൊടുന്നതെല്ലാം പൊന്നാകുന്ന ഒരു ടൈം ആയിരുന്നു അത്. അഞ്ചാതെ, മാടമ്പി, കോ എല്ലാം 100 ദിവസത്തിൽ കൂടുതൽ തിയേറ്ററിൽ ഓടിയിരുന്നു. അങ്ങനെ പീക്കിൽ നിൽക്കുന്ന സമയത്താണ് ഞാൻ ഒരു ഇടവേള എടുക്കുന്നത്.

വീട്ടിൽ ഒരു പേടി ഉണ്ടായിരുന്നു ഞാൻ കൈവിട്ടു പോകുമോയെന്ന്. എന്നോട് പി. ജി ചെയ്യാൻ പറഞ്ഞു. എനിക്ക് അപ്പോൾ തോന്നി വേണ്ടതെല്ലാം ഞാൻ നേടി എന്ന്. പ്രശസ്തിയൊക്കെ ആയി ഇനി വീട്ടുകാരുടെ ആവശ്യങ്ങൾക്കും നിൽക്കാം എന്നുള്ള ചിന്ത അപ്പോൾ വന്നു. അപ്പോൾ ഞാൻ ആ വഴിയിൽ പോയി.

പക്ഷെ ആ ഇടവേളയിലാണ് എനിക്ക് കൂടുതൽ ചിത്രങ്ങൾ വന്നത്. അതും വലിയ പടങ്ങൾ. പിസ്സ എനിക്ക് വന്ന സിനിമയായിരുന്നു. അവർക്ക് വെളുത്ത ഒരു പിസ്സ ബോയിയെ ആയിരുന്നു വേണ്ടത്. അങ്ങനെയാണ് അത് വിജയ് സേതുപതിക്ക് പോയത്,’ അജ്മൽ അമീർ പറഞ്ഞു.

അഭിമുഖത്തിൽ പ്രണയ കാലം എന്ന ചിത്രത്തിലെ ഓർമകളും അദ്ദേഹം പങ്കുവെച്ചു. പാട്ടിന്റെ ഷൂട്ട് നടക്കുമ്പോൾ അത് കേട്ടിട്ട് മാത്രം തന്റെ കൂടെ ഫോട്ടോയെടുക്കാൻ ആളുകൾ വന്നെന്നും ആളുകൾ സ്‌ക്രീനിൽ തന്നെ എങ്ങനെ സ്വീകരിക്കുമെന്നും തോന്നിയെന്ന് അജ്മൽ പറഞ്ഞു.

‘പ്രണയ കാലം ചിത്രത്തിൻറെ പാട്ട് ഷൂട്ട് ചെയ്തപ്പോൾ അവിടെ നിറയെ ആളുകൾ ഉണ്ടായിരുന്നു. അവർ ആ പാട്ടു കേട്ടിട്ട് മാത്രം എന്റെ കൂടെ ഫോട്ടോ എടുക്കാൻ വന്നു. എനിക്ക് ചമ്മൽ എന്നതിലുപരി ഈ ജനങ്ങൾ എന്നെ എങ്ങനെ സ്‌ക്രീനിൽ സ്വീകരിക്കുമെന്ന് തോന്നി. എന്നെ ഒരു നടനായി ഇവർ അംഗീകരിക്കുമോ എന്ന ചിന്ത വന്നു,’ അജ്മൽ അമീർ പറഞ്ഞു.

Content Highlights: Ajmal Ameer on Vijay Sethupathi