ജാഫർ ഇടുക്കി ഇപ്പോൾ മലയാള സിനിമയിൽ പ്രധാനപ്പെട്ട നടനാണെന്ന് നടൻ അജ്മൽ അമീർ. ജാഫർ ഇടുക്കിയില്ലാത്ത സിനിമകൾ കുറവാണെന്നും സായ് കുമാറിനെപോലെ മുൻകാലങ്ങളിൽ ക്യാരക്ടർ റോൾ ചെയ്തിരുന്നവർ ഇപ്പോൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജ്മൽ അമീർ.
തന്റെ പുതിയ ചിത്രമായ ‘അഭ്യൂഹത്തിൽ’ ജാഫർ ഇടുക്കിയുടെയും, കോട്ടയം നസീറിന്റെയും ഒപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയിൽ ഇപ്പോൾ വളരെ പ്രധാനപ്പെട്ട അഭിനേതാക്കൾ ആണ് കോട്ടയം നസീറിക്കയും ജാഫർ ഇക്കയും. ജാഫറിക്കയില്ലാത്ത പടങ്ങൾ ഇല്ല. നസീറിക്ക ഒന്നിനുപുറകെ ഒന്നായി ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് സായ് കുമാറിനെപോലെ ക്യാരക്ടർ റോളുകൾ ചെയ്തുകൊണ്ടിരുന്നവർ ഒരുപാടുണ്ടായിരുന്നു, ഇപ്പോൾ ക്യാരക്ടർ റോളുകൾ ചെയ്യുന്ന ആർട്ടിസ്റ്റുകൾ കുറവാണ്.
ക്യാരക്ടർ റോളിന്റെ മുകളിലേക്കും പോകാനുള്ള പൊട്ടൻഷ്യലുള്ള ആർട്ടിസ്റ്റാണ് നസീറിക്ക (കോട്ടയം നസീർ). അഭ്യൂഹം എന്ന ചിത്രത്തിൽ വളരെ പവർഫുൾ ആയിട്ടുള്ള റോളാണ് നസീറിക്ക ചെയ്തിരിക്കുന്നത്.
ജാഫറിക്ക ഇപ്പോൾ എല്ലാ വലിയ സിനിമകളുടെയും ഭാഗമാണ്. ജാഫറിക്ക ചെയ്യാത്ത കഥാപാത്രങ്ങളില്ല. അദ്ദേഹത്തിന്റെ മോഡുലേഷൻ എനിക്ക് വളരെ ഇഷ്ടമാണ്. അഭ്യൂഹത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് ജാഫറിക്ക ചെയ്യുന്നത്. എന്തൊരു പാവം മനുഷ്യൻ എന്ന് തോന്നിക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന് കിട്ടിയിരിക്കുന്നത്,’ അജ്മൽ അമീർ പറഞ്ഞു.
അൽഫോൺസ് പുത്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോൾഡ് ആണ് ഒടുവിൽ പുറത്തിറങ്ങിയ അജ്മലിന്റെ മലയാള ചലച്ചിത്രം. നൗഫൽ അബ്ദുള്ള, ആനന്ദ് രാധാകൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ അഖിൽ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഭ്യൂഹമാണ് റിലീസിനൊരുങ്ങുന്ന അജ്മലിന്റെ പുതിയ ചിത്രം.
രാഹുൽ മാധവ്, കോട്ടയം നസീർ, ജാഫർ ഇടുക്കി, ആത്മീയ രാജൻ, മാൽവി മൽഹോത്ര, ജോണ് കൈപ്പള്ളിൽ, നന്ദു, വിജയകുമാർ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും.