| Sunday, 15th May 2022, 7:33 pm

അന്ന് കരിയര്‍ പ്ലാനിങ്ങ് ഇല്ലെന്ന് ആക്ഷേപം; ഇന്ന് പത്താംവളവിലൂടെ മലയാളത്തില്‍ തിരിച്ചുവരവറിയിച്ച് അജ്മല്‍ അമീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് അജ്മല്‍ അമീര്‍. അതിന് മുമ്പ് 2005ല്‍ തന്നെ തമിഴില്‍ സിനിമ ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് പ്രണയകാലത്തിലൂടെ തന്നെയായിരുന്നു.

പിന്നീട് മാടമ്പി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അനിയന്‍ കഥാപാത്രമായി എത്തിയും താരം ശ്രദ്ധ നേടിയിരുന്നെങ്കിലും പിന്നീട് മുഴുനീളമോ, ശ്രദ്ധിക്കപ്പെടുന്നതോ ആയ കഥാപാത്രമായി മലയാളത്തില്‍ അജ്മലിനെ കണ്ടിരുന്നില്ല. അതേസമയം തമിഴിലും തെലുങ്കിലുമായി താരം സജീവമായിരുന്നു.

അഞ്ചാത്തെ, ജീവ നായകനായ കോ എന്നിവ തമിഴില്‍ ശക്തമായ വേഷങ്ങള്‍ തന്നെ അജ്മലിന് നല്‍കിയപ്പോഴും മലയാളത്തില്‍ അത് കണ്ടിരുന്നില്ല. ഏറ്റവുമൊടുവില്‍ 2021ല്‍ നയന്‍താര ചിത്രം നെട്രിക്കണ്ണിലെ ക്രൂരന്‍ വില്ലന്‍ വേഷവും പ്രേക്ഷകരുടെ ‘ദേഷ്യം പിടിച്ചുപറ്റിയ’ ഒന്നായിരുന്നു.

മലയാളത്തിലേക്ക് വരുമ്പോള്‍, 2015ല്‍ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ അജ്മലിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ദിലീപ് ചിത്രം ടു കണ്‍ട്രീസ്, മോഹന്‍ലാല്‍ ചിത്രം ലോഹം, ബെന്‍ എന്നിവയായിരുന്നു അത്.

എന്നാല്‍ അതിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളിലാണ് അജ്മല്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ സമയത്തായിരുന്നു താരത്തിന്റെ കരിയറിനെ ചോദ്യം ചെയ്യുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നതും.

ഫേസ്ബുക്ക് മൂവി ഗ്രൂപ്പായ സിനിഫൈലില്‍ (CinePhile) വന്ന ഒരു പോസ്റ്റ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. കരിയര്‍ പ്ലാനിങ്ങ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടനാണ് അജ്മല്‍ എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം.

”തന്റെ കരിയറില്‍ ഒരു പ്ലാനിങ്ങും ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍- അജ്മല്‍ അമീര്‍. കോ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയിട്ടും ‘ലക്കി ജോക്കേഴ്സ്’ എന്ന പടത്തില്‍ പോയി തലവെച്ചു.

കുറച്ച് വിഷമത്തോടെയാണ് ഇത് എഴുതുന്നത്. ഇനി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടുവരട്ടെ” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ പോസ്റ്റിന് താരം തന്നെ നല്‍കിയ മറുപടി കമന്റ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.

”കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയിസ്. കോ ചെയ്ത ശേഷം ഞാന്‍ പി.ജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി. കോ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു.

സിനിമയുടെ ചിന്തയുമായി നടന്നാല്‍ എനിക്ക് എന്റെ പി.ജി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു.

എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും,” എന്നായിരുന്നു അജ്മല്‍ തന്റെ മറുപടി കമന്റില്‍ പറഞ്ഞത്.

എന്നാലിപ്പോള്‍, ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എം. പത്മകുമാര്‍ ചിത്രം പത്താം വളവിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് അജ്മല്‍.

നെട്രിക്കണ്ണിലെ വില്ലന്‍ വേഷത്തിന് പിന്നാലെ പത്താം വളവിലൂടെ മലയാളത്തിലും ചെറുതായി വില്ലന്‍ ടച്ചുള്ള ഒരു കഥാപാത്രമായാണ് അജ്മല്‍ എത്തിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പത്താം വളവില്‍ വരദന്‍ എന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് അജ്മല്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ആദ്യം വില്ലന്‍ ടച്ചോടു കൂടി, ഒരു കുറ്റകൃത്യത്തിന്റെ സംശയത്തിന്റെ നിഴലിലാണ് വരദന്റെ കഥാപാത്രത്തെ ആദ്യം സിനിമയില്‍ പ്ലേസ് ചെയ്യുന്നതെങ്കിലും പിന്നീട് ഇയാളുടെ നിരപരാധിയാണെന്ന് തെളിയിക്കുന്ന സന്ദര്‍ഭങ്ങളാണ് സിനിമ കാണിച്ചുതരുന്നത്.

അതേസമയം, വരദന്‍ എന്ന കഥാപാത്രത്തെ കൃത്യമായി പ്ലേസ് ചെയ്യുന്നതില്‍ പത്താം വളവിന്റെ തിരക്കഥ പരാജയപ്പെട്ടു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.

വരദനെ ചിത്രീകരിച്ചിരിക്കുന്നതും ക്യാരക്ടറിന്റെ സ്വഭാവത്തില്‍ കാണിച്ചിരിക്കുന്ന ഷിഫ്റ്റിങ്ങും ജസ്റ്റിഫൈ ചെയ്യുന്ന തരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വരദനെ അവതരിപ്പിക്കുന്നതില്‍ സിനിമ പരാജയപ്പെടുന്നതായി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. സിനിമയുടെ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും പ്രാധാന്യത്തോടെ കൊണ്ടുവന്ന വരദനെ രണ്ടാം പകുതിയുടെ ക്ലൈമക്‌സ് എത്തുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ തിരയുന്നുണ്ടെങ്കിലും ആ കഥാപാത്രത്തെ സിനിമയില്‍ കാണുന്നില്ല.

എന്നിരുന്നാലും മലയാളത്തില്‍ അജ്മല്‍ തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍- പൃഥ്വിരാജ് ചിത്രം ഗോള്‍ഡ്, ക്ഷണം, ഇയാള്‍ എന്നീ സിനിമകളാണ് അജ്മലിന്റെതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്.

Content Highlight: Ajmal Ameer coming back Malayalam movie Patham Valavu

We use cookies to give you the best possible experience. Learn more