Movie Day
ഗോട്ട് ഒരു അടിപൊളി മാസ് മസാല പടമായിരിക്കും: അജ്മല്‍ അമീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 24, 10:54 am
Saturday, 24th August 2024, 4:24 pm

എ.ജി.എസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദളപതി വിജയ് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. പ്രശാന്ത്, പ്രഭുദേവ, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, ആകാശ്, അജയ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന അഭിനേതാവാണ് അജ്മല്‍ അമീര്‍. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ നായകനായും പ്രതിനായകനായും സഹനടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഉടനടി തിയേറ്ററുകള്‍ പ്രദര്‍ശനത്തിനെത്തുന്ന ഗോട്ടിലും (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) അജ്മല്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

ഗോട്ട് ഒരു അടിപൊളി മാസ് മസാല പടമായിരിക്കുമെന്ന് പറയുകയാണ് അജ്മല്‍ അമീര്‍. ദളപതി വിജയിയുടെ കൂടെ അഭിനയിക്കാം, അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം എന്നതുകൊണ്ടാണ് താന്‍ ആ സിനിമ കമ്മിറ്റ് ചെയ്തതെന്നും അജ്മല്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയാണ് അദ്ദേഹം.

‘ഗോട്ട് ഒരു അടിപൊളി മാസ് മസാല പടമായിരിക്കും. പാട്ടിന് പാട്ട്, അടിക്ക് അടി, കോമഡിക്ക് കോമഡി, ഫാമിലി സെന്റിമെന്‍സിന് ഫാമിലി സെന്റിമെന്‍സ് എല്ലാം കൂടെ ഉള്ളൊരു മാസ് സംഭവമായിരിക്കും.

ഒരു പാവം മനുഷ്യനാണ് വിജയ്. ഞാനൊക്കെ അദ്ദേഹത്തിന്റെ കൂടെ സമയം ചിലവഴിക്കാന്‍ കൂടിയാണ് ആ സിനിമ കമ്മിറ്റ് ചെയ്തത്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ കൂടുതലും മാറി ഒതുങ്ങി നില്‍ക്കുകയായിരിക്കും അദ്ദേഹം എന്നെ വലിച്ചു സെറ്റിലേക്ക് കൊണ്ടുവരുകയും കൂടുതല്‍ സ്വീകന്‍സുകളിലേക്കെല്ലാം ആഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ അജ്മല്‍ പറയുന്നു.

അതേസമയം വിജയിയുടെ 68-ാമത്തെ ചിത്രമായതിനാല്‍ 2023 മെയ് മാസത്തില്‍ ദളപതി 68എന്ന താത്കാലിക പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഗോട്ടിനായി യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സിദ്ധാര്‍ത്ഥ നുനിയും എഡിറ്റിങ് വെങ്കട്ട് രാജനും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Ajmal Ameer about The Greatest of All Time movie