| Tuesday, 15th February 2022, 10:51 pm

ഗവര്‍ണറുടേത് മതപരമായ അഭിപ്രായം, എന്ന ചര്‍ച്ച അപകടം; യൂണിഫോമില്‍ നിന്നും യൂണിഫോം സിവില്‍ കോഡിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ട്: നജ്മ തബ്ഷീറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമാണോ എന്ന തരത്തിലുള്ള ചര്‍ച്ചക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്ന് എം.എസ്.എഫ് ഹരിത മുന്‍ നേതാവ് നജ്മ തബ്ഷീറ.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മതപരമായ വീക്ഷണമായി ചര്‍ച്ചചെയ്യുന്നത് അപകടമാണെന്നും അതില്‍ രാഷ്ട്രീയമുണ്ടെന്നും നജ്മ പറഞ്ഞു. മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലായിരുന്നു നജ്മയുടെ പ്രതികരണം.

ഹിജാബ് വിവാദം ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. കോടതി അതില്‍ തീര്‍പ്പുവരുത്തും. ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടനയുടെ 153ാം വകുപ്പ് പ്രകാരം ഒരു ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയാണ്.

ഹിജാബ് വിഷയത്തിലെ പ്രതികരണം ഗവര്‍ണറുടെ കേവല അഭിപ്രയ പ്രകടനം മാത്രമല്ല. അങ്ങനെയല്ല ഇത് ചര്‍ച്ച ചെയ്യേണ്ടത്. കോടതിക്ക് മുന്നില്‍ വന്ന ഒരു വിഷയത്തില്‍ ഗവര്‍ണറെപ്പോലെ ഒരാള്‍ അഭിപ്രായം പറയുന്നതില്‍ അപകടവും രാഷ്ട്രീയവുമുണ്ടെന്നും നജ്മ പറഞ്ഞു.

‘ഹിജാബ് ഇന്റിവിജ്വലായ ഒരു വിഷയം മാത്രമല്ല. ഗവര്‍ണറും സമരക്കാരും എന്ന തലക്കെട്ടിലാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. ബോധപൂര്‍വം ഗവര്‍ണര്‍ പ്രശ്‌നങ്ങളെ വഴിതിരിപ്പിക്കാന്‍ നോക്കുന്നുണ്ട്.

യൂണിഫോമില്‍ നിന്നും യൂണിഫോം സിവില്‍ കോഡിലേക്ക് ചര്‍ച്ച പോകുന്നിടത്തേക്കാണ് കാര്യങ്ങള്‍. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ മൗത്ത് പീസ് ആകുന്ന വിധമാണ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഗവര്‍ണര്‍ അഭിപ്രായം പറയുന്നത്,’ നജ്മ കൂട്ടിച്ചേര്‍ത്തു

ഹിജാബ് ഇസ്‌ലാമിലുള്ളവരാണെന്ന് പറയുന്നവര്‍ ഗൂഢാലോചനക്കാരാണ്. മുസ്‌ലിം ലീഗ് തന്നെ ഇസ്‌ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഇസ്‌ലാം ചരിത്രത്തില്‍ നിന്നും വ്യക്തമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം, കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: Najma Tabsheera has said that the debate over whether it is mandatory for Muslim women to wear the hijab is irrelevant in the current political climate.

We use cookies to give you the best possible experience. Learn more