| Monday, 3rd July 2023, 2:29 pm

അജിത തങ്കപ്പന്‍ രാജിവെച്ചു; കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിനൊടുവില്‍ തൃക്കാക്കര നഗരസഭാ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അജിത തങ്കപ്പന്‍ തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്നാണ് രാജി. ഉച്ചക്ക് 12 മണിയോടെ നഗരസഭയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.

വനിതാ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസ് ഐ ഗ്രൂപ്പ്
പ്രതിനിധി അജിത തങ്കപ്പന്‍ ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം രാജിവെച്ച് എ ഗ്രൂപ്പിലെ രാധാമണിക്ക് വിട്ടുനല്‍കും എന്നായിരുന്നു ധാരണ. എന്നാല്‍ കാലാവധി കഴിഞ്ഞപ്പോള്‍ അജിത തങ്കപ്പന്‍ രാജി നല്‍കാന്‍ വിസമ്മതിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ എറണാകുളം ഡി.സി.സി കമ്മിറ്റി അജിത തങ്കപ്പന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇപ്പോഴത്തെ രാജി.

നാല് വിമതരുടെ പിന്തുണയോടെയായിരുന്നു യു.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നത്. നിലവില്‍ ഈ നാല് പേര്‍ ഇടത് കൗണ്‍സിലര്‍മാര്‍ക്ക് പിന്തുണ നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. വിമത കൗണ്‍സിലര്‍ ഓമനക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും.

എല്‍.ഡി.എഫ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വൈകാതെ ഇതിന്മേല്‍ തെരഞ്ഞെടുപ്പ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ്
റിപ്പോര്‍ട്ട്. എന്നാല്‍ വിമതരില്‍ ഒരാളെയെങ്കിലും കൂടെക്കൂട്ടി ഭരണം നിലനിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ വിളിച്ചിട്ടുണ്ട്.

43 അംഗ കൗണ്‍സിലില്‍ നാല് വിമതര്‍ അടക്കം 25 പേരുടെ പിന്തുണയോടെയാണ് നേരത്തെ യു.ഡി.എഫ് അധികാരത്തിലെത്തിയത്. നിലവില്‍ എല്‍.ഡി.എഫിന് 18 കൗണ്‍സിലമാരാണുള്ളത്. നാല് വിമതരെ കൂടി ചേര്‍ന്നാല്‍ അവരുടെ അംഗ ബലം 22 ആകും.

Content Highlight: Ajitha Thangappan has resigned from the post of Municipal Council President in Thrikakkara Municipal Corporation

We use cookies to give you the best possible experience. Learn more