കൊച്ചി: അജിത തങ്കപ്പന്‍ തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്നാണ് രാജി. ഉച്ചക്ക് 12 മണിയോടെ നഗരസഭയിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.
വനിതാ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസ് ഐ ഗ്രൂപ്പ്
പ്രതിനിധി അജിത തങ്കപ്പന്‍ ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം രാജിവെച്ച് എ ഗ്രൂപ്പിലെ രാധാമണിക്ക് വിട്ടുനല്‍കും എന്നായിരുന്നു ധാരണ. എന്നാല്‍ കാലാവധി കഴിഞ്ഞപ്പോള്‍ അജിത തങ്കപ്പന്‍ രാജി നല്‍കാന്‍ വിസമ്മതിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ എറണാകുളം ഡി.സി.സി കമ്മിറ്റി അജിത തങ്കപ്പന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇപ്പോഴത്തെ രാജി.
നാല് വിമതരുടെ പിന്തുണയോടെയായിരുന്നു യു.ഡി.എഫ് നഗരസഭ ഭരിച്ചിരുന്നത്. നിലവില്‍ ഈ നാല് പേര്‍ ഇടത് കൗണ്‍സിലര്‍മാര്‍ക്ക് പിന്തുണ നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. വിമത കൗണ്‍സിലര്‍ ഓമനക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഇങ്ങനെ സംഭവിച്ചാല്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും.